ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ നടരത്തിപ്പിൽ ജില്ല ഭരണകൂടത്തിന്റെ പ്രവർത്തനം മികച്ചതെന്ന് യൂണിസെഫ് പ്രതിനിധി സംഘം. ജില്ലയിലെ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ബങ്കു ബീഹാരി സർക്കാരിന്റെ നേതൃത്വത്തിലുള്ള യൂണിസെഫ് സംഘം. തന്റെ 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും മികച്ച സംഘാടനം കണ്ടിട്ടില്ലെന്നാണ് എസ്.എൻ.കോളേജിലെ ക്യാമ്പ് സന്ദർശിച്ച സംഘം രേഖപ്പെടുത്തിയത്.
മികച്ച പ്രൊഫഷണൽ സമീപനത്തോടെ ശുചിത്വവും മികച്ച ഭക്ഷണവുമാണ് ഇവിടെ നൽകുന്നത്. ഇതോടൊപ്പം ആരോഗ്യ സേവനം, സുരക്ഷ എന്നിവയും ഒന്നിനൊന്നു മെച്ചപ്പെട്ട അന്തരീക്ഷമാണിവിടെ. ജില്ല ഭരണകൂടത്തിന്റെ മികച്ച പ്രവർത്തനം ഇവിടെ കാണാനാകുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തുകയും മറ്റുള്ളവരിലേക്കു പകരുകയും വേണമെന്ന് ബിങ്കു ബീഹാരി സർക്കാർ അഭിപ്രായപ്പെട്ടു.