ഏറ്റുമാനൂർ നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ വിഭാവനം ചെയ്യുന്ന റിങ് റോഡിനു സ്ഥലമേറ്റെടുക്കാൻ റവന്യൂവകുപ്പ് അനുമതി നൽകിയെന്നു സഹകരണ – രജിസ്‌ട്രേഷൻ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നിർമാണം പൂർത്തികരിച്ച പട്ടിത്താനം ബൈപ്പാസ് നാടിനു സമർപ്പിച്ച ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറേച്ചാൽ മുതൽ ആരംഭിച്ച് തവളക്കുഴിയിൽ അവസാനിക്കുന്ന റോഡിന് 4.96 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഈ സർക്കാരിന്റെ കാലത്തുതന്നെ റിങ്ങ് റോഡ് തുറക്കണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ബൈപ്പാസ് തുറന്നുകൊടുത്തതിലൂടെ നാടിന്റെ ചിരകാലസ്വപ്‌നമാണ് പൂവണിയുന്നതെന്നു മന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും നടത്തിയ സംഭാവനകളാണ് ഈ ബൈപാസ് യാഥാർഥ്യമാക്കിയത്. ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾക്കായി ഈ സർക്കാരിന്റെ തുടക്കത്തിൽ ശിൽപശാല നടത്തി തയാറാക്കിയ പദ്ധതി രേഖയിൽ വിഭാവനം ചെയ്തവ ഉദ്ദേശിച്ചതിലും വേഗത്തിൽ ലക്ഷ്യത്തിലേക്ക് എത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ 52 റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്ങ് നടക്കുകയാണ്. പത്തുകോടി രൂപ മുടക്കി നിർമാണം പൂർത്തിയായ തിരുവാർപ്പിലെ ചേരിക്കൽ റോഡിന്റെയും പാലത്തിന്റെയും നിർമ്മാണം നവംബർ അവസാനത്തോടെ നടക്കും. നവംബർ 11ന് കോട്ടയം മെഡിക്കൽ കോളജിലെ ഫാർമസി കോളജിന്റെ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം മെഡിക്കൽ കോളജിന്റെ വികസനത്തിനായി 540 കോടി രൂപയുടെ പ്രോജക്ടാണ് കിഫ്ബി വഴി അനുവദിച്ചത്. സൂപ്പർ സ്പെഷാലിറ്റി ബ്ളോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉടൻ നിർവഹിക്കും. സർക്കാർ രണ്ടുകോടി രൂപ അനുവദിച്ച ചാവറ ഏലിയാസ് അച്ചന്റെ സ്മാരകത്തിന്റെ ഡി.പി.ആറിന് അനുമതി നൽകി നിർമാണത്തിലേക്കു കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
(കെ.ഐ.ഒ.പി.ആർ. 2696/2022)
