കോട്ടയം: ശബരിമല തീർത്ഥാടന കാലത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാനായി ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ അധ്യക്ഷതയിൽ യോഗം ചേർന്നു. തീർഥാടനകാലത്തു കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃത വില സംവിധാനം ഏർപ്പെടുത്തുന്നതിനാണ് യോഗം ചേർന്നത്. കോടതി ഉത്തരവ് പ്രകാരം എരുമേലി കേന്ദ്രീകരിച്ച് ഒരു സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് മണ്ഡലകാലത്ത് ഹോട്ടലുകളിൽ പരിശോധന നടത്തും. ഭക്ഷ്യ സുരക്ഷ, സപ്ലൈ വകുപ്പ് , ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാവും പരിശോധന നടത്തുക. ഹോട്ടൽ വ്യാപാരികളുടെ നേതൃത്വത്തിൽ ഹോട്ടലുകളിലെ വൃത്തി ഉറപ്പാക്കാൻ മാർഗനിർദേശങ്ങളും വൃത്തി പരിശോധന സ്‌ക്വാഡുകളും പ്രവർത്തിക്കും. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ വി. ജയപ്രകാശ്, താലൂക്ക് സപ്ലൈ ഓഫീസർമാർ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, വ്യാപാരി അസോസിയേഷൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.