കൊച്ചി: പ്രളയജലത്തില്‍ മുങ്ങി മരിച്ച മൃഗങ്ങളുടെ ശവശരീരങ്ങളുടെ സംസ്‌കാരം 15 പഞ്ചായത്തുകളിലും രണ്ട് നഗരസഭ പ്രദേശങ്ങളിലും പൂര്‍ത്തിയായി. പോത്ത്, എരുമ, പശു എന്നീ മൃഗങ്ങളുടെ 940 ശവശരീരങ്ങള്‍ സംസ്‌കരിച്ചു. ആടുകള്‍280, കോഴി, താറാവ് 16278 പന്നികള്‍4425, പട്ടി, പൂച്ച, മറ്റു മൃഗാദികള്‍762 എന്നിവ സംസ്‌കരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഭക്ഷണ അവശിഷ്ടങ്ങളുടെ സംസ്‌കാരവും കീഴ്മാട് നിന്ന് 12 ലോഡും കടമക്കുടിയില്‍ ഒരു ലോഡും കരുമാല്ലൂരില്‍ നാല് ലോഡും പറവൂര്‍ നഗരസഭയില്‍ നിന്ന് നാല് ലോഡും ആലങ്ങാട് നിന്ന് ആറു ലോഡും നീക്കം ചെയ്തു. സിവില്‍ സപ്ലൈസിന്റെ മാവേലി സ്‌റ്റോറുകളില്‍ നിന്നുള്ള ഒന്‍പത് ലോഡ് ഭക്ഷ്യാവശിഷ്ടങ്ങളാണ് സംസ്‌കരിച്ചത്. 200 കിലോ ബ്ലീച്ചിംഗ് പൗഡര്‍, 500 കിലോ കുമ്മായം, 50 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് സംസ്‌കാരത്തിന് ഉപയോഗിച്ചത്. ഇരുപതിലധികം ലോറികളും ആറ് ജെസിബികളും നാല് ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ശവശരീരങ്ങള്‍ നീക്കി സംസ്‌കരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ ആലങ്ങാട്, ചിറ്റാറ്റുകര എന്നിവിടങ്ങളിലാണ് മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കാനുള്ളത്. ഈ പ്രദേശങ്ങളില്‍ വെളളക്കെട്ട് പൂര്‍ണ്ണമായി മാറാത്തതിനാല്‍ മൃഗങ്ങളുടെ ശവശരീരങ്ങള്‍ എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
നെടുമ്പാശേരി, കുന്നുകര, പുത്തന്‍വേലിക്കര, പാറക്കടവ്, ചെങ്ങമനാട്, കാലടി, ശ്രീമൂലനഗരം, കാഞ്ഞൂര്‍, വരാപ്പുഴ, കരുമാല്ലൂര്‍, ഏലൂര്‍, കടുങ്ങല്ലൂര്‍, ഏഴിക്കര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലും പറവൂര്‍, ആലുവ നഗരസഭകളിലുമാണ് സംസ്‌കാരം പൂര്‍ത്തിയായത്.
ഹെല്‍ത്ത് ഓഫീസര്‍ എന്‍. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിക്കുന്നത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്നതിനാല്‍ ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.