ശക്തമായ പ്രളയത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് കുടുങ്ങിയ ആള്‍ക്കാരില്‍ അസുഖബാധിതരായ മൂന്നു പേരെ പത്തനംതിട്ട
ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് ടീം തിരുവോണദിനത്തില്‍ സാഹസികമായി രക്ഷപ്പെടുത്തി. അസുഖബാധിതരായ ധര്‍മ്മലിംഗം, കനകരാജ്, അപ്പുക്കുട്ടന്‍ എന്നിവരെയാണ് ഡിങ്കിയില്‍ കയറ്റി പമ്പയിലെ കുത്തൊഴുക്കിനെ മറികടന്ന് സാഹസികമായി ഇക്കരെയെത്തിച്ചത്. പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍ കെ.കെ. ഷിജുവിന്റെ നിര്‍ദേശാനുസരണം സീതത്തോട് സ്‌റ്റേഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ശരത്, ഫയര്‍മാന്‍ ഡ്രൈവര്‍ സുബൈര്‍, പത്തനംതിട്ട നിലയത്തിലെ ഡ്രൈവര്‍ മെക്കാനിക്ക് സി.ഡി. റോയി, ഫയര്‍മാന്‍ ഉണ്ണിപ്രസാദ്, ഹോംഗാര്‍ഡ്മാരായ വി.ഡി. മധു, കെ.ജി. അനില്‍, എസ്. വേണുഗോപാല്‍ എന്നീ സേനാംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ശബരിമല സന്നിധാനത്ത് കുടുങ്ങിപ്പോയ ആള്‍ക്കാരില്‍ മൂന്നു പേര്‍ക്ക് അസുഖം ബാധിച്ചിട്ടുള്ളതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി അടിയന്തിരമായി പമ്പയില്‍ എത്തണമെന്നും  ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പിന് അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പിലെ ജീവനക്കാരും പമ്പയിലെ പോലീസും ചേര്‍ന്ന് ശക്തമായി ഒഴുകുന്ന പമ്പാ നദിയെ മറികടന്ന് ഗണപതി കോവിലിന് അടുത്ത് എത്തുന്നതിന്റെ സാധ്യത പരിശോധിച്ചു. ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പിന്റെ റബര്‍ ഡിങ്കി ഉപയോഗിച്ച് പമ്പാ നദി മുറിച്ചു കടക്കുന്നത് അത്യന്തം അപകടകരമായിരിക്കുമെന്നും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അനിവാര്യമാണെന്നുമുള്ള വിലയിരുത്തലില്‍ എത്തി. എന്നാല്‍, ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കാന്‍ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലും എയര്‍ ലിഫ്ടിംഗിന് ആവശ്യമായ ശാരീരിക ആരോഗ്യം അസുഖബാധിതരായ ആള്‍ക്കാര്‍ക്ക് ഉണ്ടായിരിക്കില്ല എന്ന അനുമാനത്തിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും വിനിയോഗിച്ച് സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പ് തീരുമാനിച്ചു. തുടര്‍ന്ന് ഈ വിവരം ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ അറിയിച്ചു.
പിന്നീട് റബര്‍ ഡിങ്കിയില്‍ പമ്പ മണല്‍പ്പുറത്ത് എത്താന്‍ ശ്രമം ആരംഭിച്ചു. ശക്തമായ ഒഴുക്കുമൂലം ഡിങ്കിയില്‍ അക്കരെയെത്തുകയെന്നത് ദുഷ്‌കരമായിരുന്നു. പലസ്ഥലത്തും മണ്‍തിട്ടകള്‍ ഉള്ളതിനാല്‍ ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യവുമായിരുന്നു. ജീവനക്കാര്‍ ഡിങ്കിയില്‍ വടം ബന്ധിച്ച് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാരുടേയും മറ്റ് പത്തോളം പേരുടേയും സഹായത്താല്‍ സാഹസികമായി അക്കരെയെത്തിച്ചു. ഇതിനിടെ ഒന്നുരണ്ടു തവണ ഡിങ്കി ഒഴുക്കില്‍പ്പെട്ടു മറിയുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, വളരെ മനസാന്നിധ്യത്തോടെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ സാഹസികമായി ഡിങ്കി കരയ്ക്കടുപ്പിച്ചു.  ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടായിരിക്കെ ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പിന്റെ സേനാംഗങ്ങള്‍ തിരുവോണദിനത്തില്‍ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനം മൂലം മൂന്നു വിലപ്പെട്ട ജീവനകള്‍ രക്ഷിക്കാന്‍ സാധിച്ചത് സമൂഹത്തോടുള്ള ഫയര്‍ ആന്‍ഡ് റസ്‌ക്യു വകുപ്പിന്റെ പ്രതിബദ്ധത വെളിവാക്കുന്നതാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.കെ. ഷിജു പറഞ്ഞു.