അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. സർക്കാരിന്റെ വികസന പദ്ധതിയുടെ ഭാഗമായി 1.87 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നത്. എൻ കെ അക്ബർ എംഎൽഎയുടെ പ്രത്യേക ഇടപെടലുകൊണ്ടാണ് കെട്ടിടം നിര്‍മ്മാണത്തിന് തുക ലഭ്യമായത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിർമ്മാണ ചുമതല.
1885 ഏപ്രില്‍ ഒന്നിനാണ് അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിവര്‍ഷം ശരാശരി 9000ല്‍ അധികം ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകളും 4000ല്‍ അധികം ആധാരപ്പകര്‍പ്പുകളും 3000ല്‍ അധികം ആധാരങ്ങളും വരുന്ന ഓഫീസാണിത്. ഓഫീസ് ഫയലുകളും വാല്യങ്ങളും സൂക്ഷിക്കാനുള്ള സ്ഥലസൗകര്യം പരിമിതമായതിനാലും കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുകള്‍ വീണതിനാലും പുതിയ കെട്ടിടം അനിവാര്യമായിരുന്നു. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്, പുന്നയൂർ, വടക്കേക്കാട്, വൈലത്തൂർ, എടക്കഴിയൂർ എന്നീ ആറ് വില്ലേജുകളിലെ ഗുണഭോക്താക്കൾ അണ്ടത്തോട് സബ് രജിസ്റ്റർ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നവരാണ്.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോർപ്പറേഷൻ റീജിയണൽ മാനേജർ സി രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടി പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, പുന്നയൂർക്കുളം വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, വാർഡ് മെമ്പർ അജിത ഭരതൻ, ജനൽ ഓഫ് രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഒ എ സതീഷ്, ജില്ല രജിസ്ട്രാർ സി പി വിൻസന്റ്, മറ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.