സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചെങ്ങന്നൂരിന്റെ പോരാട്ടത്തില്‍ സജീവ പങ്കാളികളായി കൊല്ലം കോര്‍പ്പറേഷനും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും ഉള്‍പ്പെടെ 150ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ(ഓഗസ്റ്റ് 26) തിരുവന്‍വണ്ടൂര്‍, കല്ലിശേരി മേഖലകളില്‍ ശൂചീകരണത്തിനിറങ്ങിയത്.
ജെ.സി.ബി, ടിപ്പര്‍ ലോറികള്‍, ജനറേറ്ററുകള്‍, പവര്‍ വാഷര്‍ തുടങ്ങിയ സംവിധാനങ്ങളും ബ്ലീച്ചിംഗ് പൗഡറും ലോഷനും ഉള്‍പ്പെടെയുള്ള ശൂചീകരണ സാമഗ്രികളുമായി പോയ ഇവര്‍ നൂറോളം വീടുകള്‍ ശുചിയാക്കി. വെള്ളം കയറിയ വീടുകളിലും പരിസരങ്ങളിലും പാമ്പ് ശല്യം വ്യാപകമായ സാഹചര്യത്തില്‍ കൊല്ലത്തുനിന്നുള്ള അഞ്ചംഗ പാമ്പുപിടുത്ത സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ടു കേന്ദ്രങ്ങളില്‍നിന്ന് പാമ്പുകളെ പിടികൂടുകയും ചെയ്തു.
ശുചീകരിച്ച വീടുകള്‍ അണുവിമുക്തമാക്കുകയും അന്‍പതിലേറെ കിണറുകള്‍ വെള്ളം വറ്റിച്ച് ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മറവു ചെയ്തു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സീസ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സത്താര്‍, എസ്. ഗീതാകുമാരി, ചിന്ത എല്‍. സജിത്ത്, ഷീബാ ആന്റണി, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണ പരിപാടിയില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞയാഴ്ച്ച ചെങ്ങന്നൂരില്‍ നിരവധി വീടുകളുടെ ശുചീകരണത്തിന് നേതൃത്വം നല്‍കിയ കൊല്ലം കോര്‍പ്പറേഷന്‍  ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.  നാളെയും മറ്റന്നാളും(ഓഗസ്റ്റ് 28, 29) കുട്ടനാട്ടിലും കോര്‍പ്പറേഷന്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്ന് മേയര്‍ പറഞ്ഞു.