കോട്ടയം: മൂല്യവർധിത ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദത്തിൽ ജില്ലയിൽ മാതൃകമായി കുമരകം കാർഷിക വിജ്ഞാന കേന്ദ്രം. മീൻ, പഴം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം തന്നെ ആവശ്യക്കാർക്ക് ഉത്പാദന രീതിയെ സംബന്ധിച്ച പരിശീലനവും ഇവിടെ നൽകിവരുന്നു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സ്വന്തമായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ചെറുകിട സംരംഭങ്ങളും, നിർമാണശാലകളും തുടങ്ങാനും അതിലൂടെ മികച്ച വരുമാന മാർഗ്ഗവുമാണ് കെ.വി.കെ തുറന്നു കൊടുക്കുന്നത്.
നാട്ടിൽ അധികമാകുന്ന ഭക്ഷ്യസാധനങ്ങളാണ് പ്രധാനമായും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നത്. ഭക്ഷ്യസാധനങ്ങളുടെ സീസൺ അനുസരിച്ചാണ് അവ തിരെഞ്ഞെടുക്കുന്നത്. കാർഷിക വിജ്ഞാന കേന്ദ്രത്തിലെ കോമൺ ഫെസിലിറ്റേഷൻ സെന്റർ മുഖാന്തരമാണ് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം സാധ്യമാക്കുന്നത്. ഇവിടുത്തെ ഡ്രൈയിങ്, ഫ്രീസിങ് സൗകര്യങ്ങളുടെ സഹായത്തോടെ ആറ് മാസത്തോളം ഇത്തരത്തിൽ മൂല്യവർദ്ധിത ഭക്ഷോത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
നാട്ടിൽ അധികമായി വരുന്ന മത്സ്യങ്ങൾ, ജാതിക്ക, ചക്ക, ചക്കക്കുരു, കരിക്ക്, തേങ്ങ മുതലായ അനേകം ഭക്ഷ്യസാധനങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. നാട്ട് മൽസ്യങ്ങളോടൊപ്പം തന്നെ കെ.വി.കെയിൽ തന്നെ ഉത്പാദിപ്പിക്കുന്ന സിലോപ്യ മൽസ്യം കൊണ്ട് തയ്യാറാക്കുന്ന കട്ലറ്റ്, കരിക്ക് ഷേക്ക്, മിൽക്ക് ചോക്ലേറ്റ്, വിവിധങ്ങളായ പഴവർഗ്ഗങ്ങൾ കൊണ്ട് തയ്യാറാക്കുന്ന സ്‌ക്വാഷ്, ഉണക്ക ചെമ്മീൻ, ചക്ക ഉത്പന്നങ്ങൾ മുതലായ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ ജി ജയലക്ഷ്മിയുടേയും അക്വാകൾച്ചർ അസിസ്റ്റന്റ് പ്രൊഫസർ ഡോ ആർ. നവ്യയുടേയും നേതൃത്ത്വത്തിലാണ് മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും പരിശീലനവും മുന്നോട്ട് പോകുന്നത്.