കല്‍പ്പറ്റ: സ്റ്റഡി ടേബിള്‍ വാങ്ങാന്‍ കൂട്ടിവച്ച 1420 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഏഴുവയസുകാരി മാതൃകയായി. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി എന്‍.എ ഗീതാഞ്ജലിയാണ് സ്റ്റഡി ടേബിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം വയനാട് കളക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കൈമാറിയത്. മുട്ടില്‍ ആനപ്പാറ സ്വദേശികളായ എ. അഭിലാഷിന്റെയും നിഷയുടേയും മകളാണ് ഗീതാഞ്ജലി. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ നാലുവര്‍ഷമായി വയനാട്ടിലാണ് താമസം. സ്വന്തം ഇഷ്ടപ്രകാരമാണ് ഗീതാഞ്ജലി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയതെന്ന് പിതാവ് എ. അഭിലാഷ് പറയുന്നു. നിരന്തരം പത്രമാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ഈ തീരുമാനമെടുക്കാന്‍ കാരണമായി. ഇത്തരത്തിലുള്ള സഹായങ്ങള്‍ സമൂഹത്തിന് ഒരാശ്വാസമാണ്. കുട്ടികളും മുതിര്‍ന്നവരും സന്നദ്ധ സംഘടനകളുമടക്കം സഹായഹസ്തങ്ങളുമായി രംഗത്തെത്തുമ്പോള്‍ നമുക്ക് ഉറപ്പിക്കുകതന്നെ ചെയ്യാം. കേരളം കരകയറുകതന്നെ ചെയ്യും.