തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാകുന്നു. ഗ്രാമ പഞ്ചായത്തിലെ ചെറുതും വലുതുമായ ആറ് നീർത്തടങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കന്നിനട, പെരിഞ്ചേരി ക്കടവ് നോർത്ത് , പെരിഞ്ചേരിക്കടവ് സൗത്ത്, വള്യാട്, ചൊവ്വാപ്പുഴ, അക്ലോത്ത്നട എന്നീ നീർത്തടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ പ്രദേശത്തെ തൊഴിൽ സാധ്യത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ മണ്ണു ജല സംരക്ഷണവും ജൈവ സുരക്ഷയും സാധ്യമാകും.

പദ്ധതിയുടെ ജനകീയ വിളംബരത്തിന്റെ ഭാഗമായി നടന്ന നീർത്തട നടത്തം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം മുനീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ്, ജനപ്രതിനിധികളായ പി.സി. ഹാജറ, ഗോപീ നാരായണൻ, പി.പി.രാജൻ, സി.വി.രവീന്ദ്രൻ ,വൈഷ് ണവ് ,എ. ഇ വിഷ്ണു പ്രണവ് തുടങ്ങിയവർ സംസാരിച്ചു.