തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. 1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്‍റിന്‍റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോള്‍ പ്രസിഡന്‍റിന്‍റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത് മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തുവര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്‍റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.