* വലിയതുറ സപ്ലൈകോ ഗോഡൗണിന് ശിലയിട്ടു

സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാൻ നടപടി സർക്കാർ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. വലിയതുറയിൽ സപ്ലൈകോയുടെ പുതിയ പൊതു വിതരണ ശൃംഖല ഗോഡൗണിന്റെ ശിലാസ്ഥാപനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മൊത്തവിതരണക്കാർ വഴി റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന സമ്പ്രദായം ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതോടെ അവസാനിച്ചു. ഇപ്പോൾ സർക്കാർതന്നെ എഫ്.സി.ഐയിൽ നിന്ന് റേഷൻകടകൾ വരെ എത്തിക്കുന്നതിനാൽ മുൻപുണ്ടായിക്കൊണ്ടിരുന്ന ചോർച്ചകൾ ഒഴിവാക്കാനാകും.  ഇത്തരത്തിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം ശേഖരിച്ച് വിതരണം ചെയ്യാനാണ് പുതിയ ഗോഡൗണുകൾ നിർമിക്കുന്നത്. പുതിയ ഗോഡൗൺ വലിയതുറയിൽ യാഥാർഥ്യമാകുന്നതോടെ നഗരത്തിലേക്കും തിരുവനന്തപുരം ജില്ലയിലേക്കും ആവശ്യമായ ഭക്ഷ്യധാന്യം ശേഖരിക്കാൻ സൗകര്യമാകും. എല്ലാ താലൂക്കുകളിലും ഗോഡൗണുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സ്ഥലം കണ്ടെത്തി നൽകാൻ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷൻ കടകൾ കൂടി ഉടൻ കമ്പ്യൂട്ടർവത്കരിക്കുന്നതോടെ സുതാര്യത വർധിപ്പിക്കാനും ഭക്ഷ്യധാന്യം കൃത്യമായി അർഹർക്ക് എത്തുന്നുവെന്ന്  ഉറപ്പാക്കാനുമാകും. അർഹതപ്പെട്ട ധാന്യം പാഴാക്കാതെ വാങ്ങാൻ എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കണം. റേഷൻ വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് പ്രധാന തീരുമാനമാണ്. ഇതിനുപുറമേ, റേഷൻകടകൾ വൈവിധ്യവത്കരിച്ച് ആകർഷകമാക്കിയാൽ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങൾ വിൽക്കാനുള്ള സൗകര്യമൊരുക്കും. ഇതും വ്യാപാരികളുടെ വരുമാനം വർധിപ്പിക്കും. പൊതുവിതരണ സമ്പ്രദായം ശക്തമായി നിലനിൽക്കുന്നതിലാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ കേരളത്തിൽ കഴിയുന്നത്.  ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാത്ത ആളുകൾക്ക് സൗജന്യമായോ, സൗജന്യനിരക്കിലോ ആഹാരം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നുണ്ട്. ആദ്യഘട്ടനടപടികൾ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ ഷാജിതാ നാസർ, സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹഗാരു ടി.എൻ. റെഡ്ഢി, വിവിധ തൊഴിലാളി സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ നന്ദിയും പറഞ്ഞു. വലിയതുറ ഡിപ്പോയിൽ മൂന്നാം നമ്പർ ഗോഡൗണാണ് പുതുതായി നിർമിക്കുന്നത്. 2324.97 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഗോഡൗണും, 53.28 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഓഫീസുമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.