*പതിനൊന്നാമത് കൃത്യ 2017 അന്താരാഷ്ട്ര കാവ്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തൽ വെളിച്ചമാവാനുള്ള ശക്തി കവിതയ്ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിനൊന്നാമത് അന്താരാഷ്ട്ര കാവ്യോത്സവം കൃത്യ 2017 ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തെവിടെയും വംശീയ വിദ്വേഷവും മതമൗലികവാദവും പിടിമുറുക്കുകയും മനുഷ്യന് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ അതിനെതിരേ ശബ്ദമുയർത്തുന്ന കവികളും എഴുത്തുകാരും കലാകാരന്മാരും ആക്രമിക്കപ്പെടുകയാണ്. പ്രതിരോധിക്കുന്നവരെ നിശബ്ദരാക്കാനുള്ള മൗലികവാദികളുടെ ശ്രമത്തെ നേരിടാൻ സാമൂഹിക മൂല്യങ്ങൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാർക്കേ കഴിയൂ. വിരുദ്ധാഭിപ്രായങ്ങളോട് അസഹിഷ്ണതയുള്ളിടത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിലനിൽക്കാനാവില്ല. ഇടക്കാലത്ത് ലോകത്തെങ്ങും കവിത ദുർബലമായെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുകയാണ്. സർവകലാശാലകളിലും മാധ്യമങ്ങളിലും സാഹിത്യ സംരംഭങ്ങളിലും ലോകത്താകമാനം കവിതയുടെ നവസാന്നിധ്യം പ്രകടമാകുന്നുണ്ട്. പ്രസാധകരുടെ അമിതമായ ലാഭേച്ഛ മൂലം മലയാളത്തിൽ കവിതാപുസ്തകങ്ങളുടെ പ്രസാധനത്തിൽ ഇടക്കാലത്ത് ചെറിയ കുറവുണ്ടായെങ്കിലും സ്വന്ത്രമായി, കരുത്തോടെ നിൽക്കാൻ മലയാളകവിതയ്ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാളത്തിലെ ഏതു പ്രസിദ്ധീകരണമെടുത്താലും കവിതയ്ക്ക് വലിയ സ്വീകാര്യതയും പ്രാധാന്യവുമുള്ളതായിക്കാണാം. എഴുത്തച്ഛന്റെയും വള്ളത്തോളിന്റയും വൈലോപ്പിള്ളിയുടെയും നാട് വീണ്ടും കവികളുടെ കൂടായിത്തീർന്നിരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പുരോഗമന ചിന്താഗതിയുള്ള എഴുത്തുകാരും വിപ്ലവകാരികളായ കവികളും വ്യവസ്ഥിതികളോടു ധർമയുദ്ധം പ്രഖ്യാപിച്ച നാടകപ്രവർത്തകരും കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് ദീപശിഖ വഹിച്ചവരാണ്. കലാപകലുഷിതമായ കാലത്ത് ധാരാളം പ്രതിഭാധനർ ആശയസമ്പന്നമായ കവിതയിലൂടെയും സാഹിത്യത്തിലൂടെയുമാണ് കേരള നവോത്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി സ്മരിച്ചു. പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനും രസ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ അശോക് വാജ്‌പേയി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഡയറക്ടർ രതി സക്‌സേന സ്വാഗതം പറഞ്ഞു. തുർക്കി കവി അദോൽ ബെറാമുലു, എസ്‌റ്റോണിയൻ കവി ഡോറിസ് കരേവ, നെതർലാൻഡ്‌സിലെ പോയട്രി ഇന്റർനാഷണൽ റോട്ടർഡാം ഡയറക്ടർ ബാസ് വാക്മാൻ, കവിയും ഗാനരചയിതാവുമായ പ്രഭാവർമ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. നവംബർ പന്ത്രണ്ടു വരെ വിവിധവേദികളിൽ നടക്കുന്ന കാവോത്സവത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കവികൾ സംബന്ധിക്കും. അന്താരാഷ്ട്ര കാവ്യോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (10) രാവിലെ പത്തു മുതൽ പന്ത്രണ്ടുവരെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഫ്‌ലൈറ്റ് ഓഫ് ഫാൻസി എന്ന പരിപാടി നടക്കും. ബാസ് ക്വാക്മാൻ(നെതർലാൻഡ്‌സ്), അദോൽ ബെറാമുലു (തുർക്കി), ഡോറിസ് കരേവ (എസ്‌റ്റോണിയ), യോലന്റ കസ്റ്റാനോ (സ്‌പെയിൻ), ലിനാ എക്ദാൽ(സ്വീഡൻ), ഫ്രാങ്ക് കീസർ (നെതർലാൻഡ്‌സ്), ജയന്ത് പാർമർ (ഇന്ത്യ), നോംഖുബുൽ വെയ്ൻ ( ദക്ഷിണാഫ്രിക്ക), മാർക് ഡെലസ് (ഫ്രാൻസ്), ഹീക് ഫീദ്്‌ലർ(ജർമനി), ഗോക്‌സെനെർ സി(തുർക്കി), ഫിലിപ് മീഴ്‌സ്മാൻ (ബെൽജിയം) സെലഹാട്ടിൻ യോൾഗിഡെൻ (തുർക്കി), എൻറിക് ആൽബർട്ടോ സെർവിൻ ഹെരേര(മെക്‌സിക്കോ), ജിഹാൻ ഒമർ (ഈജിപ്റ്റ്), കമൽ വോറ (ഗുജറാത്ത്), സരബ്ജീത്ത് ഗർച (പഞ്ചാബ്), ഹേമന്ത് ദിവാതെ (മഹാരാഷ്ട്ര), യൂഗോ സെർവാന്റോ സാഞ്ചസ്(മെക്‌സിക്കോ), ക്രിസ്‌റ്റോസ് കൂകിസ് (ഗ്രീസ്), ആഷൂർ ഫെന്നി( അൽബേനിയ), ഹദാ സേന്ദൂ ( മംഗോളിയ). തെബോഗോ കുന്റാ മോളോയിസ് (ദക്ഷിണാഫ്രിക്ക) തുടങ്ങിയ കവികൾ സംബന്ധിക്കും. വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെ സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടക്കുന്ന കവിത വായനയിൽ ലിനാ എക്ദാൽ, അൻവർ അലി, നോംഖുബുൽ വെയ്ൻ, അദോൽ ബെറാമുലു, ഫ്രാങ്ക് കീസർ, റാഷ് (രവിശങ്കർ എൻ), ദോറിസ് കരേവ, ജിഹാൻ ഒമർ, ഗോക്‌സെനെർ സി, ഫിലിപ് മീഴ്‌സ്മാൻ, സാവിത്രി രാജീവൻ, യോലന്റ കസ്റ്റാനോ തുടങ്ങിയവർ സംബന്ധിക്കും. ആറു മുതൽ ഏഴുവരെ ഭാരത് ഭവനിൽ നടക്കുന്ന കവിത വായനയിൽ മീര നായർ, ശ്യാം സുന്ദർ, ഗോപീകൃഷ്ണൻ കോട്ടൂർ, അഭിലാഷ് ബാബു, ബബിത മറീന ജസ്റ്റിൻ, പൂജ സാഗർ, ചന്ദ്രമോഹൻ എസ്, ഇന്ദിര സദാനന്ദൻ, സരള രാംകമൽ, കെ. സുദർശനൻ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് ഏഴു പതിനഞ്ചു മുതൽ ജർമൻ എഴുത്തുകാരിയായ ഹീക് ഫീദ്‌ലറുടെ കാവ്യാവതരണം നടക്കും.