കേരളത്തിലെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ദേശീയ സംരംഭക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ നിരവധി കടമ്പകളിപ്പോഴുണ്ട്. നിയമങ്ങളെ പ്രായോഗികമായി വ്യാഖ്യാനിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള തടസങ്ങൾ നീക്കാൻ ഉദ്യോഗസ്ഥതലത്തിൽ നടപടി വേണം. നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റം വരുത്തുക എന്ന നിലപാടിനൊപ്പമാണ് സർക്കാർ. തൊഴിൽ മേഖലയിലെ ഉത്പാദനം വർദ്ധിപ്പിക്കാൻ നിരവധി സാധ്യതകൾ വളർന്നു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.  തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങളും ഉത്പന്നങ്ങളും ഉണ്ടാവണം. സർക്കാർ ജോലിയെ മാത്രം ആശ്രയിക്കുന്ന നിലപാട് മാറണം. സ്വയം സംരംഭങ്ങൾ തുടങ്ങുന്നതിന് സ്ത്രീകൾ മുൻകൈയെടുക്കണം. കോഴിക്കോട് നാളീകേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സുഭിക്ഷ മാതൃക പിന്തുടരാവുന്നതാണ്. സ്വയംസംരഭക രംഗത്ത് കുടുംബശ്രീ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവണം. വിദേശരാജ്യങ്ങളിൽ സ്ത്രീകൾ സമസ്ത മേഖലകളിലും പുരുഷനൊപ്പം പ്രവർത്തിക്കുന്നു. നിക്ഷേപക സംസ്‌കാരത്തെ ഉൾക്കൊള്ളുന്ന ഒരു തലമുറ കേരളത്തിൽ വളർന്നു വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്വയം സംരംഭങ്ങളിലൂടെ കഴിവ് തെളിയിച്ചവർ ക്ലാസുകളെടുക്കുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് എം. ഡി ശ്രീറാം വെങ്കിട്ടരാമൻ, ലേബർ കമ്മീഷണറുടെ ചുമതല വഹിക്കുന്ന അലക്‌സാണ്ടർ, വ്യവസായ പരിശീലന വിഭാഗം അഡീഷണൽ ഡയറക്ടർ മാധവൻ, തൊഴിൽ വകുപ്പ് ജോ. ഡയറക്ടർ ജോർജ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.