ജില്ലാ സായുധ സേനാ പതാക ദിന കമ്മിറ്റിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം കലക്ട്രേറ്റില്‍ ചേര്‍ന്നു. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസംബര്‍ ഏഴ് സായുധസേനാ പതാക ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുവാനും മുന്നൊരുക്കം നടത്തുവാനും തീരുമാനിച്ചു. സായുധസേനാ പതാക ദിനത്തിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കുന്നതിനും സായുധസേന പതാകകള്‍ പൊതുജനത്തിനും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നതിനും എ.ഡി.എം നിര്‍ദ്ദേശം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ പതാകദിന കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ നവംബര്‍ 30 നകം കുടിശിക അടക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പതാക ദിനത്തിന് മുന്നോടിയായി വിദ്യാലയങ്ങളില്‍ സൈനികരേയും വീരമൃത്യുവരിച്ച ധീര സൈനികരുടെ ആശ്രിതരെയും ആദരിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. അവശതയനുഭവിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്കായി ജില്ലാ സൈനിക ബോര്‍ഡ് വഴി തുക കൈമാറാന്‍ യോഗം ശുപാര്‍ശ ചെയ്തു. ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് എം.വി. മോഹന്‍ദാസന്‍, എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ അബു അബ്രഹാം, ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.എ. വിശ്വനാഥന്‍. എം.വി ജോസ്, അജിത് കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.