ഗ്രാമീണ വ്യവസായ മേഖലയിൽ വ്യവസായ – വാണിജ്യ വകുപ്പ് നടത്തുന്നത് പുതിയ മുന്നേറ്റം – മന്ത്രി എ.കെ. ശശീന്ദ്രൻ
ഗ്രാമീണ വ്യവസായ മേഖലയിൽ പുതിയ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വ്യവസായ വാണിജ്യ വകുപ്പിന്റെ കോഴിക്കോട് താലൂക്ക് തല പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൈക്രോ അടിസ്ഥാനത്തിലുള്ള ചെറുകിട വ്യവസായ ഉൽപാദകർ, കുടുംബശ്രീ ഉൾപ്പടെയുള്ള സംരംഭകർ, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ടപ്പുകൾ എന്നിവയെല്ലാം ചേർന്ന് സമ്പദ്ഘടനക്ക് കരുത്തേകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ.പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് നവംബർ 14 വരെ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് മേള നടക്കുക. താലൂക്ക് പരിധിയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉത്പാദിപ്പിച്ച വ്യത്യസ്ത തരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ടായിരിക്കും. ഫുഡ് കോർട്ട്, കലാസന്ധ്യ എന്നിവയും നടക്കും. രാവിലെ പത്ത് മുതൽ എട്ട് വരെയാണ് മേള.