ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് ഓണക്കിറ്റുകൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളേജ്, പാലാ സെന്റ് തോമസ് സ്‌കൂൾ, പൊൻകുന്നം സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത കളക്ഷൻ യൂണിറ്റുകളിലായി 40,000 ത്തോളം കുടുംബ ങ്ങൾക്കുളള കിറ്റുകളാണ് തയ്യാറാക്കുന്നത്. 125 ടൺ അരി, 2500 കിലോ മല്ലിപ്പൊടി, 5000 കിലോ മുളക്പൊടി, 5000 കിലോ സാമ്പാർപൊടി, 12500 കിലോ ചെറുപയർ, 12500 കിലോ വെളിച്ചെണ്ണ, 12500 കിലോ തുവരപ്പരിപ്പ്, 12500 കിലോ പഞ്ചസാര, 25000 കിലോ സവാള, 12500 കിലോ ചെറിയ ഉള്ളി, 25000 കിലോ ഉരുളക്കിഴങ്ങ് എന്നിവയുടെ ശേഖരമാണ് ഇപ്പോൾ ഉളളത്. സപ്ലൈകോയിൽ നിന്നാണ് സാധനങ്ങൾ കൂടുതലായി ശേഖരിച്ചിട്ടുളളത്. ആദ്യഘട്ടത്തിൽ 25,000 കിറ്റുകളാണ് തയ്യാറാക്കുക. അഞ്ച് കിലോ അരി, 100 ഗ്രാം മഞ്ഞൾപ്പൊടി, 100 ഗ്രാം മല്ലിപ്പൊടി, 200 ഗ്രാം സമ്പാർ പൊടി, 200 ഗ്രാം മുളക് പൊടി, 500 ഗ്രാം ചെറുപയർ, അരക്കിലോ വെളിച്ചെണ്ണ, 500 ഗ്രാം തുവരപരിപ്പ്, 500 ഗ്രാം പഞ്ചസാര, ഒരു കിലോ സവാള, അരക്കിലോ ഉള്ളി, ഒരു കിലോ ഉരുളക്കിഴങ്ങ് എന്നിവയാണ് ഒരു കിറ്റിലുള്ളത്. വിവിധ വകുപ്പുകളിലെ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ വിദ്യാർത്ഥികൾ, വിരമിച്ച ജീവനക്കാർ ഉൾപ്പെടുന്ന സംഘമാണ് രാപകലില്ലാതെ കിറ്റു തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നത്. ബസേലിയസ് കോളേജിലെ സെന്ററിൽ നിന്നും കോട്ടയം, വൈക്കം താലൂക്കുകളിലും മീനച്ചിൽ താലൂക്കിലെ കളക്ഷൻ സെന്ററായ സെന്റ് തോമസ് സ്‌കൂളിൽ നിന്നും മീനച്ചിൽ, വൈക്കം താലൂക്കുകളിലും പൊൻകുന്നം സിവിൽ സ്റ്റേഷൻ സെന്ററിൽ നിന്നും ചങ്ങനാശ്ശേരി താലൂക്കിലും എത്തിക്കുന്ന കിറ്റുകൾ വില്ലേജ് ഓഫീസുകൾ വഴി ദുരിതബാധിതരുടെ വീടുകളിൽ എത്തിക്കും. കുട്ടനാട്ടിൽ നിന്നും ക്യാമ്പുകളിൽ എത്തിയവർക്ക് ആലപ്പുഴ ജില്ലയിൽ നിന്നാണ് കിറ്റുകൾ നൽകുക.