രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, അന്നമൊരുക്കാനും ആറന്മുള എം.എല്‍.എ വീണാജോര്‍ജ് മുന്‍പന്തിയില്‍. പ്രളയബാധിത വീടുകളില്‍ ശുചീകരണം നടത്തുന്നതിനായി ക്യാമ്പുകളില്‍ നിന്നും പോകുന്നവര്‍ക്ക് അന്നമൊരുക്കുന്ന എം.എല്‍.എയുടെ സമൂഹ അടുക്കള ജനപ്രിയമാകുന്നു. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും വീടുകളിലേയ്ക്കു മടങ്ങുമ്പോള്‍ ശുചീകരണമാണ് ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ടാകുന്നത്. വെള്ളം കയറിയ പല വീടുകളിലും അടുക്കള പുകയ്ക്കുക എന്നതും ശ്രമകരമാണ്. പാത്രങ്ങളും വീട്ടുസാധനങ്ങളുമെല്ലാം വെള്ളം കയറി നശിച്ച നിലയിലാണ്.  ഇത്തരം ബുദ്ധിമുട്ടുകളെല്ലാം കണ്ടറിഞ്ഞാണ്  വീണാജോര്‍ജ് എംഎല്‍എ സമൂഹ അടുക്കള എന്ന ആശയം നടപ്പാക്കിയത്.
 ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ച സമൂഹ അടുക്കളയിലൂടെ ദിവസവും ആയിരത്തിലധികം ഭക്ഷണപൊതികളാണ് തയാറാക്കുന്നത്. എല്ലാ ദിവസവും നമുക്ക് ഭക്ഷണം തരുന്ന വീട്ടമ്മമാര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുകയാണ് ലക്ഷ്യമെന്നും, അടിയന്തരസാഹചര്യത്തില്‍ ആരംഭിച്ചതാണെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടരാനാണ്  ആഗ്രഹിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ആവശ്യക്കാര്‍ അറിയിക്കുന്നത് അനുസരിച്ച് വണ്ടിയിലെത്തിയാണ് ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നത്. എംഎല്‍എയ്‌ക്കൊപ്പം കുടുംബശ്രീയുടേയും സന്നദ്ധസേവകരുടേയും രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ ജനപ്രതിനിധികളുടേയും സഹകരണം കൂടിയാണ് സമൂഹ അടുക്കളയുടെ വിജയരഹസ്യം.