പ്രളയബാധിത പ്രദേശമായ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിലെ വീടുകളില്‍ എഡിജിപി ബി. സന്ധ്യയുടെയും ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെയും നേതൃത്വത്തില്‍ ജനമൈത്രി പോലീസ് സന്ദര്‍ശനം നടത്തി.
പ്രദേശത്തെ മിക്ക വീടുകളും സന്ദര്‍ശിച്ച സംഘം ദുരിതബാധിതര്‍ക്ക് അവശ്യവസ്തുക്കളും വിതരണം ചെയ്തു. പ്രളയത്തില്‍ മുങ്ങിപ്പോയ ആറന്മുള, കോയിപ്രം പോലീസ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങളും എഡിജിപി വിലയിരുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, വിവിധ ബറ്റാലിയനുകളില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ആറന്മുള സത്രക്കടവിനു സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലേക്ക് ആറന്മുള പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം മാറ്റുന്നതിനും എഡിജിപി നിര്‍ദേശം നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുടെ യോഗം ചേരുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.