വിജയികള്‍ക്ക് കളക്ടറുടെ ആദരം
ആറാമത് സംസ്ഥാന എം.ആര്‍.എസ് ആന്റ് ഹോസ്റ്റല്‍ കായിക മേളയായ ”കളിക്കള”ത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായി മാറിയ കണിയാമ്പറ്റ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ കളക്ടര്‍ എ. ഗീത ആദരിച്ചു. നവംബര്‍ 8, 9, 10 തീയതികളിലായി തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ 18 സ്വര്‍ണ്ണവും 7 വെള്ളിയുമടക്കം 149 പോയിന്റ് നേടിയാണ് കണിയാമ്പറ്റ എം.ആര്‍.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എം.ആര്‍.എസില്‍ നടന്ന അനുമോദന ചടങ്ങില്‍ കായിക മത്സരത്തില്‍ വിജയിച്ചവരെ കളക്ടര്‍ എ. ഗീത ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂളിലെ 55 വിദ്യാര്‍ഥിനികളാണ് കായികമേളയില്‍ പങ്കെടുത്തത്. സ്‌കൂളിലെ കായികാധ്യാപകനായ വി.എം. സത്യനെയും ചടങ്ങില്‍ ആദരിച്ചു. അനുമോദന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പി.വി. സുഹ്‌റ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ഥിനി എ.ബി നിമിഷ കായിക മേളയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ പങ്കെടുത്ത കായിക മേളയില്‍ നല്ലൂര്‍നാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 71 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നല്ലൂര്‍നാട് എം.ആര്‍.എസിലെ വിദ്യാര്‍ഥികളെയും കളക്ടര്‍ ആദരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, അസി. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍. സിന്ധു, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കെ.കെ. മോഹന്‍ദാസ്, സീനിയര്‍ സൂപ്രണ്ട് എ.ബി. ശ്രീജാകുമാരി, സ്‌കൂള്‍ ലീഡര്‍ സി.കെ ആര്യ തുടങ്ങിയവര്‍ സംസാരിച്ചു.