തീര്‍ഥാടകരുടെ ക്ഷേമത്തിനായിരിക്കണം ശബരിമലയില്‍ ജീവനക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിന് വകുപ്പുകള്‍ക്കതീതമായി ഉദ്യോഗസ്ഥര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി പത്തനംതിട്ട കിഴക്കടത്ത് മറിയം കോംപ്ലക്‌സില്‍ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. തീര്‍ഥാടന കാലത്ത് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലുള്ള കണ്‍ട്രോള്‍ റൂമില്‍ വിവിധ സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി കളക്ടര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. കോടിക്കണത്തിന് തീര്‍ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ പരിമിതമായ സൗകര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുവാന്‍ കഴിയുന്നത്. ഈ പരിമിതികള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ എല്ലാ ജീവനക്കാരും തയാറാകണം. ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവരുടെ മേലധികാരികളെ അറിയിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അടൂര്‍ ആര്‍ ഡി ഒ എം.എ.റഹിം അധ്യക്ഷത വഹിച്ചു. എ ഡി എം അനു എസ് നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക് ടര്‍ പി റ്റി എബ്രഹാം, ജില്ലാ സപ്ലൈ ഓഫീസര്‍ പ്രസന്നകുമാരി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുജിത്, ജൂനിയര്‍ സൂപ്രണ്ട് എ.റ്റി സജി എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ബാലകൃഷ്ണപിള്ള ജീവനക്കാര്‍ക്ക് ക്ലാസെടുത്തു.