ഓഖി ദുരന്തത്തെതുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും മറ്റുമായി ലഭിച്ച തുക മുഴുവൻ മത്‌സ്യബന്ധന മേഖലയ്ക്കും തൊഴിലാളികൾക്കുമായാണ് ചെലവഴിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില്ലിക്കാശ് മറ്റൊന്നിനും വകമാറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 107 കോടി രൂപയും എസ്. ഡി. ആർ. എഫിൽ ലഭിച്ചത് 111 കോടി രൂപയുമാണ്. ഇത്തരത്തിൽ ആകെ ലഭിച്ച 218 കോടി രൂപയിൽ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90  കോടി രൂപയുടെ ചെലവ് നടപ്പാക്കുന്ന മറ്റു പദ്ധതികൾക്കായി ഇനി പ്രതീക്ഷിക്കുന്നു. അതോടെ മൊത്തം ചെലവ് 201.69 കോടി രൂപയാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ ഉത്തരവായതും ചെലവഴിച്ചതുമായ തുക 65.68 കോടിയാണ്. മത്‌സ്യബന്ധന മേഖലയിൽ പുതിയ ചില പദ്ധതികൾ  നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അപ്പോൾ ലഭിച്ചതിനേക്കാൾ കൂടുതൽ തുക വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.