കാല്‍വരി എച്ച് എസ് കാല്‍വരി മൗണ്ട് സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രിയങ്കരനാണ് ടിബിന്‍ സര്‍. ടിബിന്‍ സാറിനെ കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ആയിരം നാവാണ്. കായിക മേഖലയില്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി റവന്യു ജില്ലാ കായിക മേളയില്‍ എത്തിക്കുന്നതില്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ 100% കൂറുപുലര്‍ത്തിയ ഇദ്ദേഹം കാല്‍വരി മൗണ്ട് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്.
കേവലം ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ടിബിന്‍ ജോസഫ് കാല്‍വരി സ്‌കൂളിലെ കായിക അധ്യാപകന്‍ ആയിട്ട്. ഒരു കാലത്ത് സംസ്ഥാന, നാഷണല്‍ മത്സരങ്ങളില്‍ തിളങ്ങി നിന്നിരുന്ന പേരായിരുന്നു കാല്‍വരി മൗണ്ട് സ്‌കൂളിന്റെത്. കഴിഞ്ഞ ഒരു ദശാബ്ദ കാലയളവില്‍ പ്രഭാവം നഷ്ടപ്പെട്ട കാല്‍വരി സ്‌കൂളിന്റെ പഴയ പ്രൗഢി തിരികെ കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ടിബിന്‍ ജോസഫ് ഏറ്റെടുത്തിട്ടുള്ളത്.
അധ്യാപകനായി സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയ ടിബിന്‍ സാറിനെ കുട്ടികളുടെ അവസ്ഥ ഏറെ വേദനിപ്പിച്ചു. ട്രാക്കോ, ജേഴ്സിയോ, ക്യാന്‍വാസോ സ്പൈക്ക്‌സോ ഒന്നുമില്ലാതെ ഗ്രൗണ്ടിലെത്തിയ കുട്ടികള്‍ക്ക് എക്യുപ്പ്‌മെന്റസ് ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ പഴയ കായിക അധ്യാപകന്‍ ഡോമിനിക് സാറിന്റെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് കാല്‍വരി സ്‌പോര്‍ട്‌സ് എന്ന സംഘടനയുടെ സഹായത്തോടെ കുട്ടികള്‍ക്ക് വേണ്ട കായിക ഉപകരണങ്ങള്‍ ലഭ്യമാക്കി. പിന്നീട് കുട്ടികളെ മനസിലാക്കി കൃത്യമായ പരിശീലനം നൽകി. ചിട്ടയായ പരിശീലനം കുട്ടികളെ മത്സരങ്ങള്‍ക്ക് സജ്ജമാക്കി. സബ്ജില്ലാ മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പ് ആയതോടെ വീണ്ടും കാല്‍വരി സ്‌കൂളിന്റെ പേര് കായിക മേള ഗ്രൗണ്ടില്‍ മുഴങ്ങി തുടങ്ങി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി പി എഡ് പൂര്‍ത്തീകരിച്ചാണ് ടിബിന്‍ ജോസഫ് കായിക അധ്യാപക മേഖലയില്‍ എത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കാല്‍വരി മൗണ്ട് സ്‌കൂളിന്റെ പേര് ഗ്രൗണ്ടില്‍ കേള്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ടിബിന്‍. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ സ്‌കൂള്‍ തലത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ടിബിന്‍ സാറിന്റെയും കുട്ടികളുടെയും വിശ്വാസം.