‘അറിവാണ് ലഹരി’  എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ‘ക്വിസ് പ്രസ്-2022 എന്ന പ്രശ്‌നോത്തരി  സംഘടിപ്പിക്കുന്നു. ക്വിസ് പ്രസ്സിന്റെ സെക്കന്റ് എഡിഷനാണിത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആർഡി, സി-ഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. മത്സരം ദൂരദർശനിലും ജീവൻ ടിവിയിലും സംപ്രേഷണം ചെയ്യും.  പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ്  മത്സരം നയിക്കും. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകാർക്കും കോളേജുകാർക്കും ടീമുകളെ  അയയ്ക്കാം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടുപേർ അടങ്ങുന്ന എത്ര ടീമുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം.

‘അറിവാണ് ലഹരി’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള മത്സരം ലഹരി വിമുക്ത ബോധവത്കരണത്തിനും മാധ്യമസാക്ഷരതയ്ക്കും വേണ്ടിയാണ്. കേരളത്തിൽ മൂന്ന് ഭാഗങ്ങളിലായി നടത്തുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം അവസാന റൗണ്ടിലെത്തുന്ന ആറ് ടീമുകളിൽ ഏറ്റവും മികച്ച വിദ്യാലയ ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മറ്റ് നാല് ടീമുകൾക്ക് 10,000 രൂപ വീതവുമാണ് നൽകുക. റീജിയണൽ മത്സരങ്ങളിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും സർട്ടിഫിക്കറ്റുകളും നൽകും. പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകളും നൽകും.

ക്വിസ് പ്രസ് സെക്കന്റ് എഡിഷന്റെ ഉദ്ഘാടനവും മധ്യമേഖലാ മത്സരവും എറണാകുളം ജില്ലയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ഡിസംബർ 2 ന് നടക്കും. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലയിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിുന്നള്ളവർക്ക് പങ്കെടുക്കാം. ഡിസംബർ ആറിന് നടക്കു തെക്കൻ മേഖലാ മത്സരം തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ സ്‌കൂളിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. വടക്കൻ മേഖലാ മത്സരം ഡിസംബർ 8ന് കോഴിക്കോട് ജില്ലയിൽ നടക്കും (കോഴിക്കോട് ജില്ലയിലെ വേദി പിന്നീട് അറിയിക്കും). കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. ഫൈനൽ മത്സരം ഡിസംബർ 26ന് കണ്ണൂർ തളിപ്പറമ്പിൽ നടക്കും.

മത്സരത്തിൽ പങ്കെടുക്കുന്നതിന്  നിശ്ചിതമാതൃകയിലുളള ഗൂഗിൾ ഫോം വഴി നവംബർ 30ന് വൈകീട്ട് അഞ്ചിനകം ടീം രജിസ്‌ട്രേഷൻ നടത്തണം. മത്സരത്തിന്റെ വിശദവിവരങ്ങളും ഗൂഗിൾഫോം ലിങ്കും അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralamediaacademy.org യിൽ ലഭിക്കും.

അപൂർണമായ ഫോമുകൾ പരിഗണിക്കുന്നതല്ല. മത്സരാർഥികളുടെ സെലക്ഷൻ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങൾക്ക്: സെക്രട്ടറി, കേരള മീഡിയ അക്കാദമി, ഫോൺ: 04842422068, 04712726275. വാട്‌സ്ആപ്പ്‌നമ്പർ: 9447225524, 9633214169.