പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 217-ാമത് പഴശ്ശിദിനാചരണം നവംബര്‍ 27 മുതല്‍ 30 വരെ മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടക്കും. നവംബര്‍ 27 മുതല്‍ പുരാവസ്തു പ്രദര്‍ശനവും 29 ന് രാവിലെ ചരിത്ര സെമിനാറും വൈകീട്ട് സാംസ്‌ക്കാരിക പരിപാടികളും നടക്കും. പഴശ്ശിരാജാവിന്റെ രക്തസാക്ഷി ദിനമായ നവംബര്‍ 30 ന് രാവിലെ 9.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. നവംബര്‍ 29 ന് നടക്കുന്ന ചരിത്ര സെമിനാറില്‍ ”ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന ആദ്യകാല ചെറുത്തു നില്‍പ്പുകള്‍” എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ. കെ. ഗോപാലന്‍കുട്ടിയും ”പഴശ്ശി സമരങ്ങളുടെ കാണാപ്പുറങ്ങള്‍” എന്ന വിഷയത്തില്‍ ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ. മാരാറും വിഷയാവതരണം നടത്തും.