ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇതിനെതിരെ മുന്‍കരുതലെടുക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി .ജയശ്രീ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മലിന ജലത്തിലിറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ലെപ്‌റ്റോസ് പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിയുണ്ടാകുന്നത്. കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും മറ്റു മൃഗങ്ങളും ഇതിന്റെ രോഗാണു വാഹകരാണ്. ഈ ജിവികളുടെ മൂത്രമോ അതു കലര്‍ന്ന മണ്ണോ,വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. പനി,തലവേദന, പേശി വേദന,കണ്ണിന് ചുവപ്പ്,ഓക്കാനം, തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, ശ്വാസകോശം,ഹൃദയം, തുടങ്ങിയ എല്ലാ ശരീര വ്യവസ്ഥകളെയും ബാധിക്കും. ഇത് മരണകാരണമാവും. ഫലപ്രദമായ ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.
പനി വന്നാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ നടത്തേണ്ടതാണ്. സ്വയം ചികിത്സയ്ക്ക് വിധേയമാകരുത്. ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ,മലിന ജലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ ,വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ കൈയുറ, കാലുറകള്‍,എന്നിവ ഉപയോഗിക്കണം. ശരീരഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനീകരിക്കപ്പെട്ട വെള്ളമോ,മണ്ണുമായോ സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണം. ഇത്തരം പ്രവര്‍ത്തികളില്‍ ഇറങ്ങുന്നതിന് തലേ ദിവസം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം ഡോക്‌സി സൈക്‌ളിന്‍ ഗുളിക ആറാഴ്ച വരെ കഴിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഗുളിക സൗജന്യമായി ലഭിക്കും. പ്രളയ ബാധിത പ്രദേശങ്ങളില്‍ കെട്ടിനിന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പനി ,പേശി വേദന,തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
ആഹാര സാധനങ്ങളും കുടി വെള്ളവും എലിമൂത്രംവഴി മലിനീകരിക്കപ്പെടാതെ മൂടി വെയ്ക്കുക,ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരീയായ വിധം സംസ്‌ക്കരിക്കുകയും വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലി ശല്യം ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.