മഴക്കെടുതിയില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കൂട്ടുകാര്‍ക്ക് നോട്ടുബുക്കുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. സേവ് പേപ്പര്‍ സേവ് ട്രീസ് എന്ന സന്ദേശവുമായാണ് പഴയ പുസ്തകങ്ങളിലെ എഴുതാത്ത താളുകള്‍ ശേഖരിച്ച് പുതിയ നോട്ട്ബുക്കുകള്‍ തയ്യാറാക്കുന്നത്. സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍ ഉദ്യമത്തില്‍ പങ്കാളികളാണ്. ഇതുവരെ 100 പേജുകള്‍ വീതമുള്ള 500 പുസ്തകങ്ങള്‍ ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. ഇവ ഉടന്‍ ദുരിതബാധിത സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പഴയ നോട്ട്പുസ്തകങ്ങളിലെ എഴുതാത്ത താളുകള്‍ ശേഖരിച്ചു നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഉദ്യമത്തിന് എല്ലാ പിന്തുണയുമായി അദ്ധ്യാപകരും പി.ടി.എയും ഒപ്പമുണ്ട്. നോട്ട് പുസ്തകങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കാമെന്ന് കുട്ടികളെ പഠിപ്പിച്ചത് ഓഫിസ് സ്റ്റാഫ് സനലാണ്. പ്രിന്‍സിപ്പാള്‍ എ.കെ കരുണാകരന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
