ആഗസ്റ്റ് 14ന് രാത്രി പ്രളയമുന്നറിയിപ്പ് ലഭിച്ചതുമുതല്‍ രാവും പകലുമില്ലാതെ യുദ്ധസമാനമായ സാഹചര്യത്തിലാണ് കളക്ടറേറ്റിലെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം പ്രവ ര്‍ത്തിച്ചുവരുന്നത്. തിരുവോണം ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച ഉണ്ടായിരുന്ന എല്ലാ പൊതു അവധിദിവസങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. പ്രളയക്കെടുതി രൂക്ഷമായ ആഗസ്റ്റ് 15 മുതല്‍ 18 വരെയുള്ള തീയതികളില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ഡിഐജി ഷെഫീന്‍ അഹമ്മദ്, എസ്.ഹരികിഷോര്‍ എന്നിവര്‍ പൂര്‍ണസമയവും ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ ഇരുന്നാണ് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ചത്. ദുരന്തത്തിന്റെ ആദ്യദിനങ്ങളില്‍ സഹായം തേടി വിളിക്കുന്നവരുടെ കോളുകള്‍ രേഖപ്പെടുത്തി അപ്പപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുന്നതിന് ഒരു ടീമിനെയും ബോട്ടുകള്‍, ഹെലികോപ്ടറുകള്‍ തുടങ്ങിയവയുടെ ഏകോപനത്തിന് മറ്റൊരു ടീമിനെയും നിയോഗിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കുക, അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ഹബുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, ശുചീകരണം കാര്യക്ഷമമായി നടത്തുക  തുടങ്ങിയ കാര്യങ്ങള്‍ക്കും പ്രത്യേക ടീമുകളെ നിയോഗിച്ചിരുന്നു. പ്രളയദുരിതത്തിന്റെ ആദ്യദിനം മുതല്‍  ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ട് ജെ.അഷ്‌റഫ്, ഹെഡ്ക്ലര്‍ക്ക് സുനിത, സീനിയര്‍ ക്ലര്‍ക്കുമാരായ എം.എസ്.ഗോകുല്‍, വി.ജി.സുജാകുമാരി, സി.കെ.സാനു, ലീജ, കോണ്‍ഫിഷന്‍ഷ്യല്‍ അസിസ്റ്റന്റ് സൂസന്‍ എന്നിവരാണ് ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസമയവും മുഴുകിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഏകോപനം നല്‍കിയതിലൂടെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമിന്റെ സമയോചിതമായ നടപടികള്‍ ഏറെ സഹായകമായി. 15ന് രാവിലെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനം തുടങ്ങിയ വനികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ പോയത് 21നാണ്. അത്രയും ദിവസം 24 മണിക്കൂറും ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ സേവനത്തിലായിരുന്നു.  ജൂനിയര്‍ സൂപ്രണ്ട് ജി.കെ. പ്രദീപ്, വില്ലേജ് ഓഫീസര്‍ അജിത് ശ്രീനിവാസ്, സീനിയര്‍ ക്ലര്‍ക്ക് വി.വിനോജ്, ക്ലര്‍ക്ക് റ്റി.എന്‍.മോഹന്‍കുമാര്‍ എന്നിവരും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു.