‘ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മുഴുവന്‍ വെള്ളത്തില്‍ പോയില്ലേ ചേച്ചീ, ഇനി പെട്ടെന്ന് ഒരു ജോലിക്ക് ശ്രമിക്കുന്നതെങ്ങനെയാണ്? സര്‍ട്ടിഫിക്കറ്റുകള്‍ പോയവര്‍ക്ക് അത് പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടല്ലോ’. എന്‍ജിനീയറിംഗും നേഴ്‌സിംഗുമൊക്കെ പാസായി ജോലിക്ക് ശ്രമിക്കുന്ന പ്രളയബാധിത മേഖലയിലെ കുട്ടികള്‍ കൗണ്‍സിലിംഗിനിടെ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ അര്‍ച്ചനയോട് ചോദിച്ച ചോദ്യവും അവരുടെ ഇടയില്‍ നിന്ന് ഒരാള്‍തന്നെ നല്‍കിയ മറുപടിയുമാണിത്. പ്രളയാനന്തരം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നടത്തുമ്പോഴാണ് അര്‍ച്ചനയേപ്പോലുള്ള കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം അനവധി ചോദ്യങ്ങള്‍ നേരിടേണ്ടിവന്നത്. എന്നാല്‍ കുടുംബശ്രീയുടെ നിരന്തരമായ കൗണ്‍സിലിംഗ് ഇതുപോലു ള്ള നൂറുകണക്കിന് കുട്ടികള്‍ക്ക് ഭാവിയെക്കുറിച്ച് സ്വപ്നം കാണാന്‍ പ്രതീക്ഷകള്‍ നല്‍കി. പ്രളയം തകര്‍ത്തെറിഞ്ഞ അവരുടെ കണ്ണുകളിലെ പ്രതീക്ഷകളും മനസിലെ ഊര്‍ജവുമെല്ലാം വീണ്ടുടുക്കുകയാണ് കുടുംബശ്രീ കൗണ്‍സിലര്‍മാരുടെ ദൗത്യം. അപ്രതീക്ഷിതമായെത്തിയ പ്രളയദുരന്തത്തില്‍ കിടപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് സാന്ത്വനത്തിന്റെ കരസ്പര്‍ശം നല്‍കി അവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുകയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരാണ് ദുരിതം വിതച്ച മേഖലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവ ര്‍ത്തിക്കുന്നത്. ദുരിതമേഖലയിലെ പുരുഷന്മാര്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. ഇതിനായി കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കുകളിലെ കൗണ്‍സിലര്‍മാരുടെയും  പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പഠിക്കുന്നതിനുമുള്ള പിന്തുണാസഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സമൂഹത്തിന്റെ കൈത്താങ്ങാണ് ആവശ്യം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിംഗ് ആരംഭിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍ അറിയിച്ചു.