സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പഴശ്ശിയുടെ നേതൃത്വത്തില്‍ മലബാറില്‍ നടത്തിയ പോരാട്ടങ്ങള്‍ കാലത്തിന് വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് സെമിനാര്‍ വിലയിരുത്തി. 217 മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ചരിത്ര സെമിനാറിലാണ് പഴശ്ശി പോരാട്ടങ്ങള്‍ വിഷയമായത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന ആദ്യ കാല ചെറുത്തുനില്പുകള്‍ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാല റിട്ട. പ്രൊഫ. ഡോ. കെ.ഗോപാലന്‍കുട്ടിയും പഴശ്ശി സമരങ്ങളുടെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കലാ ഗവേഷകനായ കെ.കെ.മാരാരും സെമിനാര്‍ അവതരിപ്പിച്ചു.

ആദിവാസികള്‍ വനത്തെ പൈതൃക ഭൂമിയായ് കണ്ടപ്പോള്‍ ലാഭം കൊയ്യാനുള്ള ഉപാധിയായിട്ടാണ് ബ്രിട്ടീഷുകാര്‍ വനസമ്പത്തിനെ കണ്ടത്. ബഹുവിഭവകൃഷിയെ ഇല്ലാതാക്കി ബ്രിട്ടീഷുകാര്‍ ഏക വിഭവകൃഷിയെ പ്രോത്സാഹിപ്പിച്ചു. സ്വാശ്രയജീവിതരീതിയും സ്വാതന്ത്യവും നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് ജീവിതം തിരിച്ച് പിടിക്കാന്‍ പഴശ്ശിയുടെ പോരാട്ടം പിന്തുണയേകി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറില്‍ നടന്ന ചെറുത്തുനില്പുകള്‍ പുതുതലമുറ വിസ്മരിക്കരുതെന്നും ഡോ. കെ.ഗോപാലന്‍കുട്ടി പറഞ്ഞു. ചരിത്ര താളുകളില്‍ മതിയായ രേഖപ്പെടുത്തലുകള്‍ ഉണ്ടാകാതെപോയ നിരവധി സംഭവങ്ങളിലുടെയാണ് കലാ ഗവേഷകനായ കെ.കെ.മാരാര്‍ വിഷയാവതരണം നടത്തിയത്.

സെമിനാറില്‍ ചരിത്രാധ്യാപിക ഡോ. പ്രിയ പിലിക്കോട് അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്‍, കോഴിക്കോട് പഴശ്ശി മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, ആര്‍ട്ടിസ്റ്റ് കെ.എസ് ജീവാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം സെമിനാറിനെ വേറിട്ടതാക്കി.