ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം

നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഓരോ ആശയങ്ങളും നിങ്ങളുടേയും നാടിന്റെയും ഭാവി തന്നെ മാറ്റിമറിക്കുമെന്നും അത്തരത്തില്‍ ഒന്നാണ് ഡ്രീംവെസ്റ്റര്‍ മത്സരമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്ല്യം ജോണ്‍ പറഞ്ഞു. ആകെ 20 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരത്തില്‍ നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്ന് ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം, നാല് മുതല്‍ 10 വരെയുള്ള സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല്‍ 25 വരെയുള്ള സ്ഥാനക്കാര്‍ക്ക് 25,000 രൂപ വീതവും ലഭിക്കും.

18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു ആശയം സമര്‍പ്പിക്കാം. ഡ്രീംവെസ്റ്റര്‍ നൂതനാശയ മത്സരത്തില്‍ അവതരിപ്പിക്കുന്ന ആശയങ്ങള്‍ ആകര്‍ഷകമാണെങ്കില്‍ അവ സ്വപ്നങ്ങളായി അവസാനിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍കുബേഷന്‍ സെന്ററുകളിലെ ഇന്‍കുബേഷന്‍ സ്‌പേസിലേക്കുള്ള പ്രവേശനം (ഓഫീസ് സ്‌പേസ്, ഫ്രീ വൈ-ഫൈ, ഐഡിയ ഉത്പന്നമാക്കി മാറ്റാനുള്ള സപ്പോര്‍ട്ട്), മെന്ററിങ് പിന്തുണ (നിങ്ങളുടെ പ്രോജക്ടില്‍ സംശയങ്ങളുണ്ടെങ്കില്‍ ആ മേഖലയിലുള്ള വിദഗ്ധരുടെ സഹായത്തോടെ ഉണ്ടാകുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുക്കല്‍), സീഡ് കാപ്പിറ്റല്‍ സഹായം (സംരംഭകന്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ സ്വന്തമായി ഫണ്ട് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളായ കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുഖേന ഫണ്ട് ലഭിക്കാന്‍ വേണ്ട സപ്പോര്‍ട്ട് നല്‍കുന്നു), വിപണിബന്ധങ്ങള്‍ (സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും മാര്‍ക്കറ്റിങ് അസിസ്റ്റന്‍സിലൂടെ കയറ്റുമതിക്കും മറ്റ് സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു) എന്നീ സഹായങ്ങള്‍ ലഭിക്കും.

ഈ നാട് സംരംഭക സൗഹൃദമായി വളരുമ്പോള്‍ സംരംഭകരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്ന പരിപാടിയായി ഡ്രീംവെസ്റ്റര്‍ മത്സരം മാറുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായാണ് ഡ്രീംവെസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തില്‍ വേരൂന്നിക്കൊണ്ട് വിജയകരമായ കൂടുതല്‍ സംരംഭങ്ങള്‍ സ്ഥാപിക്കാനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സംരംഭകരെ സര്‍ക്കാര്‍ സഹായിക്കും. നൂതന ആശയങ്ങള്‍ www.dreamvestor.in ല്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.