രാജ്യാന്തര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലും ആവാഹിച്ചും സവിശേഷമായ ആഖ്യാന ശൈലി ഉപയോഗിച്ചും നിർമ്മിച്ച അഞ്ചു ചിത്രങ്ങളും ഔട്ട്സൈഡർ എന്ന കളർ ചിത്രവുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത് .
ഒരു ചെറിയ താളം തെറ്റൽ സമൂഹത്തെ എങ്ങനെ പരിപൂർണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം വെർക്ക്‌മീസ്റ്റർ ഹാർമണീസ്, ഫാമിലി നെസ്റ്റ്, താറും സഹപ്രവർത്തകനായ ലാസ്ലോ ക്രാസ്നഹോർകായിയും ചേർന്ന് തിരക്കഥ ഒരുക്കിയ ഡാംനേഷൻ ,ആഗ്നസ് ഹ്രാനിറ്റ്‌സ്‌കിക്കൊപ്പം സംവിധാനം ചെയ്ത ദ മാൻ ഫ്രം ലണ്ടൻ , ദി ഔട്ട് സൈഡർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.മനുഷ്യരാശിയെക്കുറിച്ചുള്ള ആശങ്കകൾക്കും ഉത്കണ്ഠകകൾക്കും ചലച്ചിത്ര ഭാഷ്യം രചിക്കുന്ന താറിന്റെ അവസാന ചിത്രമായ ദ ട്യൂറിൻ ഹോഴ്സും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.