മത്സ്യത്തൊഴിലാളികൾക്ക് ‘ബിഗ് സല്യൂട്ട്’ അർപ്പിച്ച് കേരളത്തിന്റെ ആദരം
അപകടത്തിൽപ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെടുതിമൂലം നാം വീണ വീഴ്ചയിൽ കരഞ്ഞിരിക്കാൻ നാം തയാറല്ല, നാടിനെ കൂടുതൽ ഉയരത്തിലേക്ക് ഉയർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രക്ഷാപ്രവർത്തനം വിജയിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികൾ മാറി. നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള മേനിപറച്ചിലല്ല, അക്ഷരാർഥത്തിൽ അങ്ങനെയായിരുന്നു. പ്രാഗത്ഭ്യമുള്ള സേനകളുടെ തലവൻമാരും ഈ ഇടപെടലും ചടുലതയും എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഇത് നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണ്. ഈ ദുരന്തത്തെ നാം നേരിട്ടത് അങ്ങേയറ്റം ഐക്യത്തോടും ഒരുമയോടുമാണ്.
ഒന്നും ആലോചിക്കാതെയാണ് നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ രക്ഷയ്ക്കിറങ്ങിയത്. സർക്കാരിന്റെ സഹായപ്രഖ്യാപനങ്ങൾ പിന്നെയാണ് വന്നത്. കരുത്തരെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങി ശാരീരികബുദ്ധിമുട്ടുണ്ടായവരെ ഉടൻ വിളിച്ചുവരുത്തേണ്ട എന്നു കരുതിയാണ്  സ്വീകരണചടങ്ങ് ഇത്രയും നീട്ടിയത്. ഇനിയുമധികം വൈകുന്നത് ഔചിത്യമല്ല, എന്നതിനാലാണ് ഇപ്പോൾ സംഘടിപ്പിച്ചത്.
രക്ഷാപ്രവർത്തനത്തിന് പ്രാഗത്ഭ്യം നേടിയ ഒട്ടേറെ സേനാവിഭാഗങ്ങൾ നമ്മുടെ പ്രവർത്തനത്തെ സഹായിക്കാനെത്തി. വ്യോമസേന, നാവികസേന, കോസ്റ്റ് ഗാർഡ്, ദേശീയദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്‌സ് എല്ലാവരും അവരുടെ പങ്ക് വഹിച്ച് അർപ്പണബോധത്തോടെ രക്ഷയ്ക്കിറങ്ങി.
പെട്ടെന്ന് വെള്ളപ്പൊക്കം ആർത്തലച്ച് വന്നപ്പോൾ നല്ല ഉൾക്കരുത്തോടെ നമ്മുടെ കടമയാണെന്ന് കരുതി യുവാക്കളും ചാടിയിറങ്ങി. ആപത്ഘട്ടത്തിൽ സഹജീവികളെ സംരക്ഷിക്കാൻ മനുഷ്യസ്‌നേഹത്തോടെയുള്ള നിലപാടെടുത്ത യുവാക്കൾ നമ്മുടെ ഭാവി ശോഭനമാണെന്നതിന്റെ ഉറപ്പാണ്.
പക്ഷേ, വെള്ളം കൂടുതൽ കയറിയപ്പോൾ വെള്ളത്തെ നല്ലനിലയിൽ പരിചയമുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങളെ രക്ഷാദൗത്യത്തിൽ പങ്കാളികളാക്കേണ്ടതിന്റെ ചർച്ചയുയർന്നത്. പിന്നെ അറച്ചുനിൽക്കാതെ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യത്തിലും കരുത്തിലും അതിജീവനശേഷിയിലും പൂർണവിശ്വാസമുള്ളതുകൊണ്ടുതന്നെ കഴിയാവുന്നത്ര വേഗത്തിൽ ഓരോ പ്രദേശത്തുനിന്നും മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ മാത്രം എത്തിച്ചാൽ പോരാ, അവരുടെ യാനവും എത്തിക്കണമായിരുന്നു. ഇതിനായി പോലീസിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു. എവിടെയൊക്കെ മത്സ്യത്തൊഴിലാളികളുടെ സേവനം വേണമെന്ന് ആവശ്യപ്പെട്ടോ അവിടേക്ക് കുതിച്ചുവരാൻ അവർ മുന്നിട്ടിറങ്ങുകയായിരുന്നു. യാനം എത്തുംമുമ്പ് തന്നെ അവിടെയെത്തി രക്ഷാപ്രവർത്തനത്തിന് വെള്ളത്തിലേക്ക് ചാടുന്ന കാഴ്ച അവിടുത്തുകാരിൽ ആത്മവിശ്വാസമുയർത്തി.
ഈ ഐക്യം നാം കാത്തുസൂക്ഷിക്കണം. അതുമായി നാം മുന്നോട്ടുപോകണം. നമ്മുടെ നാടിനെ നഷ്ടപ്പെട്ടതിനേക്കാൾ മികച്ചതായി ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയണം.
കഷ്ട്‌നഷ്ടങ്ങൾ അനുഭവിച്ചവർക്ക് ശരിയായ പുനരധിവാസം ഉറപ്പുവരുത്താനാകണം. വീടുനഷ്ടപ്പെട്ടവർക്കും കേടുപാടുണ്ടായവർക്കും കുറവുകൾ തീർക്കണം.
നാം ജീവിക്കുന്നത് ഭൂലോകത്തെ ഏറ്റവും മൂല്യമുള്ള മണ്ണിലാണ്. നമ്മളെ അറിയാവുന്ന എല്ലാവരും ഈ നാടിനെ സ്‌നേഹിക്കുന്നു. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും കേരളം എന്താണെന്നറിയാം. കേരളത്തിനുവന്ന പരിക്ക്, തങ്ങളുടെ പരിക്കാണെന്ന് അവർ തിരിച്ചറിയുന്നു. അമേരിക്കയിൽനിന്ന് രണ്ടു ചെറുപ്പക്കാർ ഫേസ്ബുക്ക് കൂട്ടായ്മ വഴി പിരിച്ച 10 കോടി രൂപയുമാണ് ഓഫീസിലെത്തിയത്. ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.
എല്ലാവരും പങ്കുവഹിച്ചാൽ നമ്മുടെ നാടിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നവിധം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ശ്രസ്തിപത്രവും പൊന്നാടയും ഷർട്ടും സമ്മാനമായി നൽകി. ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുഖ്യമന്ത്രിയും, മറ്റുള്ളവർക്ക് മന്ത്രിമാരും വിശിഷ്ടാതിഥികളും പൊന്നാടയണിയിച്ചു.
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സ്വയംസമർപ്പിത മനസുമായി മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ ഇടപെടൽ നടത്താനായതായി അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി രത്‌നകുമാറിന് ഭൂമിയും വീടും കൊടുക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ ചികിത്‌സാ സൗകര്യമുണ്ടാക്കും. നാശനഷ്ടമുണ്ടായ ബോട്ടുകൾ നന്നാക്കാൻ നടപടിയുണ്ടാകും. പൂർണമായി തകർന്ന ബോട്ടുകൾക്ക് പകരം ബോട്ടുകൾ നൽകും. ആദ്യം പത്തനംതിട്ടയിലേക്കാണ് മത്‌സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് എത്തിച്ചത്. തുടർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് ആവശ്യം വന്നപ്പോൾ പോലീസ് ലോറികൾ എത്തിച്ചും പൈലറ്റ് പോലുമാണ് ബോട്ടുകൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്. ചുമട്ടുതൊഴിലാളികളാണ് ബോട്ടുകൾ ലോറികളിൽ കയറ്റാൻ സഹായമായതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി. ജയരാജൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ശശി തരൂർ എം.പി, മേയർ വി.കെ. പ്രശാന്ത്, എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, വി.എസ്. ശിവകുമാർ, എം. വിൻസൻറ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മത്‌സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി നന്ദിയും പറഞ്ഞു.
സ്വന്തംനാടിന്റെ രക്ഷയ്ക്ക് സേവനസന്നദ്ധരായി മുന്നോട്ടുവന്ന് ആയിരക്കണക്കിനുപേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് മത്സ്യത്തൊഴിലാളികൾ നടത്തിയ സേവനങ്ങൾ മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും വിവരിച്ചത് സദസ്സ് വരവേറ്റത്.
ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് പത്തനംതിട്ടയ്ക്ക് അയച്ച മത്സ്യത്തൊഴിലാളി യാനങ്ങൾ വിജയം കൈവരിച്ചതോടെയാണ് പ്രളയമേഖലകളിലാകെ അവരുടെ സേവനം ഉപയോഗപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നിന്ന് 577, കൊല്ലത്ത് നിന്ന് 632, ആലപ്പുഴ നിന്ന് 1317, കോട്ടയത്തുനിന്ന് 18, എറണാകുളത്ത്‌നിന്ന് 639, തൃശൂർനിന്ന് 713, പാലക്കാടുനിന്ന് 24, കോഴിക്കോട് നിന്ന് 140, മലപ്പുറത്തുനിന്ന് 352, കണ്ണൂർനിന്ന് 125 വള്ളങ്ങൾ ഉൾപ്പെടെ ആകെ 4537 വള്ളങ്ങളാണ് രക്ഷാദൗത്യത്തിനിറങ്ങിയത്. ഈ പട്ടികയിൽ പെടാതെയുള്ള രക്ഷാപ്രവർത്തകരുണ്ടെങ്കിൽ അവരെയും ആദരിക്കുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു.