ആലപ്പുഴ: ഒട്ടേറെ പ്രതിഭകളെ സൃഷ്ടിച്ച് ആലപ്പുഴ ജില്ല റവന്യൂ കലോത്സവത്തിന് സമാപനം. സമാപന സമ്മേളനം എ.എം ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. 756 പോയിൻ്റോടെ ചേർത്തല ഉപജില്ല ഒന്നാമതെത്തി. 729 പോയിൻ്റ് നേടിയ തുറവൂർ ഉപജില്ല രണ്ടാം സ്ഥാനം നേടി. 725 പോയിൻ്റ് നേടിയ ആലപ്പുഴ ഉപജില്ലയാണ് മൂന്നാമത്.206 പോയിന്റ് നേടി എൻ.എസ്. ബോയ്സ് എച്ച്.എസ്.എസ്. മാന്നാർ ഓവറോൾ ചാമ്പ്യൻമാരായി. സെൻ്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ്. ആലപ്പുഴ 172 പോയിൻ്റോടെ രണ്ടാമതെത്തി. ഹോളി ഫാമിലി എച്ച്.എസ്.എസ്. മുട്ടം 165 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നവംബർ 28 മുതൽ ഡിസംബർ ഒന്ന് വരെ ആലപ്പുഴ നഗരത്തിലെ വിവിധ സ്കൂളുകളിലെ 12 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. 11 ഉപജില്ലകളിലെ 8,000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.സമാപന സമ്മേളനത്തിൽ ആലപ്പുഴ നഗരസഭ കൗൺസിലർമാരായ പി.എസ്. ഫൈസൽ, നസീർ പുന്നയ്ക്കൽ, ബി.നസീർ, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി. സുജാത, മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഡി. അന്നമ്മ, ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. ജെ. ബിന്ദു, ആലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. ആർ. ശോഭന, ഹയർസെക്കൻഡറി ജില്ല കോ- ഓർഡിനേറ്റർ സജി ജോൺ തുടങ്ങിയവർ പങ്കെടുത്തു