ചികിത്സ തേടിയവര്‍ 36,280 കടന്നു

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവിഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാ അയ്യപ്പന്മാരും ആരോഗ്യകരമായി മലകയറി ഇറങ്ങുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും പമ്പയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ ഹോമിയോ, ആയുര്‍വേദം, അലോപ്പതി ആശുപത്രികളില്‍ ഇന്നലെ വരെ (ഡിസംബര്‍ 1 ) 36,280 തീര്‍ത്ഥാടകര്‍ ചികിത്സ തേടി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നാല് വെന്റിലേറ്ററുകള്‍, എമര്‍ജന്‍സി വാര്‍ഡുകള്‍, ബ്ലഡ് ടെസ്റ്റിംഗ് ലാബ്, എക്‌സ്-റേ യൂണിറ്റ്, തിരുമല്‍ കേന്ദ്രം, ഐ.ആര്‍ ലാമ്പ് തുടങ്ങി എല്ലാ അടിയന്തര സാഹചര്യവും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

20 ഡോക്ടര്‍മാരും 70 ഓളം ജീവനക്കാരുമാണ് അയ്യപ്പന്മാര്‍ക്ക് ആശ്വാസം പകരുന്നത്. പാമ്പുകടി പ്രതിരോധ മരുന്ന്, റാബീസ് വാക്‌സിനേഷന്‍, മുറിവ് ഉണക്കല്‍ എന്നീ മരുന്നുകളുടെ കരുതല്‍ ശേഖരവുമുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങള്‍, അപസ്മാരം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പേരും ചികിത്സ തേടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള അയ്യപ്പന്മാര്‍ സാവധാനം മലകയറണമെന്നും, ഭക്ഷണം, ഉറക്കം എന്നിവ ഒഴിവാക്കി മലകയരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ശബരിമലയില്‍ പ്രതിദിനം ശരാശരി എണ്‍പതിനായിരത്തോളം സ്വാമിമാരാണ് ദര്‍ശനം നടത്തുന്നത്.

വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ക്ക് സന്നിധാനത്തും ഇടത്താവളങ്ങളിലും ക്രമീകരിച്ചിരിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ പമ്പയിലേക്ക് മാറ്റും. ഇതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം വകുപ്പുകളുടെ പ്രത്യേക ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സന്നിധാനത്തിലെ അണുനശീകരണത്തിന് അപരാജിത ചൂര്‍ണം പുകയ്ക്കലും ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത കുടിവെള്ളവും ഭക്തര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.