നാല്‍പ്പത്തിയൊന്നാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മാനന്തവാടി കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടി സ്‌കൂള്‍, സെന്റ് ജോസഫ്സ് ടി.ടി.ഐ, സാന്‍ജോ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഡിസംബര്‍ 9 വരെയാണ് കലോത്സവം. നാളെ (ബുധന്‍) വൈകുന്നേരം 4 ന് മാനന്തവാടി കണിയാരം ഫാദര്‍ ജി.കെ.എം ഹയര്‍ സെക്കണ്ടി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ അധികൃതര്‍ , രക്ഷകര്‍തൃ – വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മാനന്തവാടി , സുല്‍ത്താന്‍ വൈത്തിരി , ബത്തേരി ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് ജില്ലാ മേളയില്‍ പങ്കെടുക്കുന്നത്. ഓഫ് സ്റ്റേജിനങ്ങള്‍ ഇന്ന് (ചൊവ്വ) ജി.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഡിസംബര്‍ 7, 8 ,9 തീയതികളിലാണ് സ്റ്റേജിനങ്ങള്‍ നടത്തുന്നത്. 14 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. വയനാട് ജില്ലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പേരുകളും വയനാട്ടുകാരായ എഴുത്തുകാരുടെ പേരുകളുമാണ് വേദികളുടെ പേരുകളായി ക്രമീകരിച്ചിരിക്കുന്നത്. ജനറല്‍ കലോത്സവം, അറബി കലോത്സവം, സംസ്‌കൃത കലോത്സവം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മുന്നൂറിലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാകുക. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് മേളയുടെ നടത്തിപ്പ്. വേദികളിലും പരിസരങ്ങളിലും പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനം മുഴുവന്‍ സമയങ്ങളിലും ലഭ്യമാകും. ഒമ്പതിന് പകല്‍ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ജില്ല കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും.

കലോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണില്‍ വിളംബര ജാഥ നടത്തി. താലൂക്ക് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. മൂന്നൂറിലധികം വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും വിളംബര ജാഥയില്‍ പങ്കെടുത്തു. സംസ്ഥാനമാകെ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ ബാനര്‍ ക്യാമ്പയിന്‍ ഇന്ന് (ചൊവ്വ) വൈകുന്നേരം 3.30ന് കലോത്സവ നഗരിയില്‍ നടക്കും.