മിഷന്‍ ക്ലീന്‍ വയനാടിനായി നാടും നഗരവും കൈകോര്‍ത്തത് ശ്രദ്ധേയമായി. പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകള്‍, പൊതുസ്ഥലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍ എന്നിവ ഒറ്റ ദിവസം കൊണ്ട് ശുചീകരിക്കുകയാണ് മിഷന്‍ ക്ലീന്‍ വയനാടിലൂടെ. ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മിഷന്‍ ക്ലീന്‍ വയനാട് എന്ന പേരില്‍ വി ഫോര്‍ വയനാട് എന്ന ബാനറില്‍ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നും അരലക്ഷത്തിലധികം ആളുകളാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. മിഷന്‍ ക്ലീന്‍ വയനാട് യജ്ഞത്തിന് മുന്നിട്ടിറങ്ങിയ വളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനസംഘടനകള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ബി നസീമ, കണ്‍വീനറും ജില്ലാ കളക്ടറുമായ കേശവേന്ദ്രകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ നന്ദി അറിയിച്ചു.
ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വനംവകുപ്പും പൊലിസും പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ ശേഖരിക്കാനായി വ്യാഴാഴ്ച രാവിലെ തന്നെ നിരത്തിലിറങ്ങി. കല്‍പ്പറ്റ പൊലിസിന്റെ നേതൃത്വത്തില്‍ ടൗണിലെ മാലിന്യങ്ങള്‍ ശേഖരിച്ചു. പിണങ്ങോട് ജംഗ്ഷന്‍ മുതല്‍ വെയര്‍ഹൗസ് വരെ സൗത്ത് വയനാട് വനം ഡിവിഷനിലെ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. വിവിധ ഇടങ്ങളില്‍ ഇതര സര്‍ക്കാര്‍ ജീവനക്കാരും നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിവിധ ക്ലബ്ബുകളും ഉദ്യമത്തിനൊപ്പം നിന്നു. നെന്മേനി പഞ്ചായത്ത് പരിധിയില്‍ 1,818 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വാര്‍ഡ് അംഗങ്ങള്‍ക്കു പുറമെ ഓരോ വാര്‍ഡുകളിലും ഓരോ ഉദ്യോഗസ്ഥര്‍ക്കും ചുമുതലയുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എ. കരീം മേല്‍നോട്ടം വഹിച്ചു. 19-ാം വാര്‍ഡില്‍ ചുള്ളിയോട് കേന്ദ്രീകരിച്ച് നടന്ന ശുചീകരണത്തില്‍ സാബു കുഴിമാളം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, വില്ലേജ് ഓഫിസര്‍ വിശ്വലത, എന്‍.ആര്‍.ഇ.ജി.എ ഓവര്‍സിയര്‍ സീന എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍ 15-ാം വാര്‍ഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
മൂപ്പൈനാട് പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി നടന്ന പ്രവര്‍ത്തനങ്ങളില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുദ്ധീകരിച്ച് പഞ്ചായത്തിന്റെ ഷ്രഡിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതു ക്ലീന്‍ കേരള മിഷന് കൈമാറും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. യമുന, ഷഹര്‍ബാന്‍ സൈതലവി എന്നിവര്‍ വടുവന്‍ചാലില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. തിനപുരം മേഖലയില്‍ നടന്ന ശുചീകരണത്തിന് യഹ്യാഖാന്‍ തലയ്ക്കലും റിപ്പണില്‍ എ.കെ റഫീഖും താഴെ അരപ്പറ്റയില്‍ പി.പി ഹരിദാസനും നേതൃത്വം നല്‍കി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും മിഷന്‍ ക്ലീന്‍ വയനാടിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓഫിസ് പരിസരം, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, പേര്യ സി.എച്ച്.സി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ജീവനക്കാര്‍, ആര്‍ഡി ഏജന്റുമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെടെ 45 പേര്‍ പങ്കെടുത്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളിലായി 2035 പേര്‍ പങ്കെടുത്തു. പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍ എട്ടാം വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളും, ഉദേ്യാഗസ്ഥരും, മിഷന്‍ വയനാട് ബ്ലോക്ക് തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന ടീം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരം, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ശിശുവികസന പദ്ധതി ഓഫിസ് എന്നിവിടങ്ങളുടെ പരിസരം, പനമരം പൊലിസ് സ്റ്റേഷന്‍ പരിസരം എന്നിവ വൃത്തിയാക്കി. ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുകയും, അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരണത്തിനായി ശേഖരിക്കുകയും ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പനമരം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും അതാത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥന്‍മാര്‍, വിവിധ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ വെളളം കയറിയ വീടുകള്‍, കോളനികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളിലുമായി 2019 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. പ്രസിഡന്റ് കടവന്‍ ഹംസ 13-ാം വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മിഷന്‍ ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തില്‍ കുടുംബശ്രീയും പങ്കാളികളായി. ജില്ലയിലെ 26 സി.ഡി.എസുകളിലെ അംഗങ്ങള്‍ പങ്കെടുത്തു. ജില്ലയിലെ 512 വാര്‍ഡുകളിലേയും എല്ലാ കുടുംബശ്രീയില്‍ നിന്നും കുറഞ്ഞത് അഞ്ചു പേരടങ്ങുന്ന സംഘമാണ് ദൗത്യത്തില്‍ അണിചേര്‍ന്നത്.