പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്‌സ് മൂല്യമുളള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന് സംഭാവനയായി നല്‍കാം. ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്.
ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞും ഗതിമാറിയും ഒഴുകുന്ന പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെളളപ്പൊക്കം, തകര്‍ന്നതോ വെളളത്തില്‍മുങ്ങിയതോ ആയ റോഡുകള്‍-പാലങ്ങള്‍, കേട്പറ്റിയതോ, വെളളംകയറിയതോ ആയ ആരാധനാലയങ്ങള്‍ – പ്രധാന സ്ഥാപനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, റിലീഫ് ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുതലായവയുടെ ദൃശ്യങ്ങളാണ് ആര്‍ക്കൈവ് ചെയ്യുന്നത്. മൊബൈല്‍ ഫോണുകളില്‍ എടുത്തവയുമാകാം.
മാധ്യമസ്ഥാപനങ്ങള്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ ഹാര്‍ഡ് ഡിസ്‌ക്, ഡി.വി.ഡി മുതലായവകളിലാക്കി ഇവ സമര്‍പ്പിക്കാവുന്നതാണ്. keralaflood2018prd@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ വി-ട്രാന്‍സ്ഫര്‍ ചെയ്യുകയുമാകാം. ഫോട്ടോകള്‍ക്കും, വീഡിയോകള്‍ക്കും അവ എന്തെന്നു വ്യക്തമാക്കുന്ന കുറിപ്പ്, സംഭവസ്ഥലം, തീയതി, സമയം എടുത്ത വ്യക്തിയുടെ പേര് എന്നിവ അനിവാര്യമാണ്. അവസാനതീയതി 2018 സെപ്റ്റംബര്‍10.