വൈവിധ്യമാർന്ന കായിക മത്സരങ്ങളോടെ ജില്ലാ കേരളോത്സവത്തിന് കോഴിക്കോട് തുടക്കമായി. മാനാഞ്ചിറ മൈതാനിയിൽ കായികമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായാണ് വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവരാണ് ജില്ലാ തലത്തിൽ മാറ്റുരച്ചത്. മാനാഞ്ചിറ സ്ക്വയറിൽ നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കോഴിക്കോട് കോർപറേഷൻ ഒന്നാം സ്ഥാനവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. ജില്ലാ പഞ്ചായത്ത് ഹാളിൽ പഞ്ചഗുസ്തി മത്സരവും, മാനാഞ്ചിറ സ്ക്വയറിൽ കളരിപ്പയറ്റ് മത്സരവും നടന്നു.
സംഘാടക സമിതി കോർഡിനേറ്ററും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യാതിഥിയായി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, കോർപറേഷൻ കൗൺസിലർമാരായ എസ് കെ അബൂബക്കർ, അനുരാധ തായാട്ട്, പ്രസീന, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫിസർ എ ടി പ്രേമൻ, കളരിപ്പയറ്റ് അസോസിയേഷൻ പ്രതിനിധി മൂസ ഹാജി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ യുവജനക്ഷേമ ഓഫിസർ വിനോദൻ പൃത്തിയിൽ സ്വാഗതവും ജില്ലാ യൂത്ത് കോർഡിനേറ്റർ ടി.കെ സുമേഷ് നന്ദിയും പറഞ്ഞു.