*ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ജൂറി ചെയർമാൻ

27-ാമത് ഐ.എഫ്.എഫ്.കെയിൽ അതിഥികളായി പങ്കെടുക്കുന്ന 200 ഓളം ചലച്ചിത്രപ്രവർത്തകരിൽ 40 പേർ വിദേശത്ത് നിന്ന് കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽനിന്നുള്ള ആറ് സിനിമകൾ പ്രദർശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ആദ്യകാല ചലച്ചിത്രാചാര്യൻ എഫ്.ഡബ്ല്യൂ മുർണോ, സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക, അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഷ്റേഡർ, സർറിയലിസ്റ്റ് സിനിമയുടെ ആചാര്യൻ എന്നറിയപ്പെടുന്ന ചിലിയൻ-ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്സ്‌കി എന്നിവരുടെ സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫർ പനാഹി, ഫത്തി അകിൻ, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയിൽ പ്രദർശിപ്പിക്കും. തൽസമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അൻപതു വർഷം പൂർത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദർശനം, തമ്പ് എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പിന്റെ പ്രദർശനം എന്നിവയും നടക്കും.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡിന് അർഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി, സ്പാനിഷ് – ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്നർ, അർജന്റീനിയൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നത്.

ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്ഹോൺ ചെയർപേഴ്സൺ ആയ ജൂറി ഫിപ്രസ്‌കി അവാർഡുകളും ഇന്ദു ശ്രീകെന്ത് ചെയർപേഴ്സൺ ആയ ജൂറി  നെറ്റ്പാക് അവാർഡുകളും എൻ. മനു ചക്രവർത്തി ചെയർമാൻ ആയ ജൂറി എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡുകളും നിർണയിക്കും