ചലച്ചിത്ര മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ നടക്കും. പുനലൂർ രാജന്റെ 100 ഫോട്ടോകളുടെ പ്രദർശനമായ ‘അനർഘനിമിഷം’, സത്യന്റെ 110-ാം ജന്മവാർഷിക വേളയിൽ അദ്ദേഹത്തിന്റെ 110 ഫോട്ടോകളുടെ പ്രദർശനമായ ‘സത്യൻ സ്മൃതി’ എന്നിവയാണ് നടക്കുക. മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവെർസേഷൻ, ഓപൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം, മാസ്റ്റർ ക്ളാസ്, ചലച്ചിത്ര നിർമ്മാണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനൽ ഡിസ്‌കഷൻ തുടങ്ങിയ അനുബന്ധപരിപാടികൾ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാസാംസ്‌കാരിക പരിപാടികൾ നടക്കും. മുൻനിര മ്യൂസിക് ബാൻഡുകളുടെ സംഗീതപരിപാടി, ഗസൽ സന്ധ്യ, ഫോക് ഗാനങ്ങൾ, കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനുമുള്ള സംഗീതാർച്ചന എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ബേലാ താറിന്റെ ചലച്ചിത്ര സമീപനങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം, റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ സെർബിയൻ സംവിധായകൻ എമീർ കുസ്തുറിക്കയുടെ സിനിമാ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം എന്നിവ മേളയുടെ ഭാഗമായി പ്രസിദ്ധീകരിക്കും. മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകരുടെ സംഭാവനകൾ ചരിത്രപരമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺപോൾ, കെ.പി.എ.സി ലളിത, പ്രതാപ് പോത്തൻ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. സംവിധായകൻ പി.എ ബക്കറിന്റെ വിയോഗത്തിന് മൂന്നു പതിറ്റാണ്ട് തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചുള്ള പുസ്തകവും പ്രസിദ്ധീകരിക്കും. ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷ ഫെസ്റ്റിവൽ പ്രത്യേക പതിപ്പായി കൂടുതൽ പേജുകളോടെ പ്രസിദ്ധീകരിക്കും