സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റോബോട്ടിക്സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സർക്കാർ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതിൽ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിർമിതബുദ്ധിയും റോബോട്ടിക്സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതിൽ കേരളത്തിലെ വിദ്യാർഥികൾ പിന്നിലാകാൻ പാടില്ല. ഇതു മുൻനിർത്തിയാണു മാറുന്ന ലോകത്തിനുസരിച്ചു വിദ്യാർഥികളിൽ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാർ തുടക്കമിടുന്നത്.

ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ ഭാഗമായി സംസ്ഥാനത്തെ 2000 സ്‌കൂളുകളിൽ വിന്യസിക്കുന്ന 9000 റോബോട്ടിക് യൂണിറ്റുകളിലൂടെ പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനത്തിനു വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ 60,000 കുട്ടികൾക്കു നേരിട്ടു പരിശീലനം നൽകും. പരിശീലനം നേടുന്ന കുട്ടികൾ മറ്റു കുട്ടികൾക്കു പരിശീലനം നൽകും. അങ്ങനെ ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകാനാണു സർക്കാർ ഉദ്ദേശിക്കുന്നത്.

അപകടകരമായ പല ജോലികളിൽനിന്നും തൊഴിലാളികളെ ഒഴിവാക്കി പകരം റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടുവരാൻ ലോകമാകെ ഗവേഷണം നടക്കുകയാണ്. ഖനികൾ, ടണലുകൾ, ദുഷ്‌കരമായ ജലാശയങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനവും പ്രവർത്തനവും നടക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികവിദ്യയെ മാനവരാശിയുടെ പുരോഗതിക്ക് ഉതകുംവിധം എങ്ങനെ മാറ്റിയെടുക്കാമെന്നു ലോകം ചിന്തിക്കുകയാണ്. നാലു വർഷം മുൻപു കേരളത്തിലെ ഒരുകൂട്ടം വിദ്യാർഥികൾ മാൻഹോൾ വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കിയിരുന്നു. ഇന്നു വിവിധ രാജ്യങ്ങൾ ആ സാങ്കേതികവിദ്യ സ്വീകരിക്കുകയാണ്. വിദ്യാർഥികൾക്കിടയിൽ നൂതന ആശയ സംസ്‌കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനത്തു മികച്ച രീതിയിൽ നടക്കുന്നുണ്ട്. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ വിജയികളാകുന്നവർക്കു വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്റ്റാർട്ട്അപ് മിഷന്റെയും നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് ഇതിനായി നടപ്പാക്കുക. ബൃഹത്തായ സ്റ്റാർട്ട്അപ് പ്രോത്സാഹന നയവും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു പ്രാവർത്തികമാക്കുന്നതിനാവശ്യമായ തൊഴിൽശക്തി രൂപപ്പെടുത്തണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. അതിന് സ്‌കൂൾതലം മുതൽ ഇടപെടലുകൾ ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞാണു സ്‌കൂളുകളിൽ റോബോട്ടിക് കിറ്റുകൾ സജ്ജമാക്കുന്ന പദ്ധതിക്കു രൂപംനൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ വിദ്യാർഥിയുടേയും വ്യക്തിഗത അഭിരുചി കണ്ടെത്തുകയും അതിന് അനുസൃതമായ സാങ്കേതിക പരിശീലനം നൽകുകയുമാണു സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആശയമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിനോദ പ്രവർത്തനങ്ങളിലൂടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക പരിശീലനമാണു റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ ലക്ഷ്യവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അനുദിനമുണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ പ്രയോഗത്തിലൂടെ പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ യാഥാർഥ്യമാകുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.