പരിമിതികള്‍ മറികടന്ന് കൃഷി ജോലികള്‍ക്ക് വേഗം കൂട്ടാന്‍ ഇനി പാടത്തും പറമ്പിലും ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്നു തളിയുമടക്കമുള്ള കൃഷി ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് കൃഷി വകുപ്പ്. ജില്ലയിലെ ആദ്യ പ്രദര്‍ശനവും പ്രവര്‍ത്തന രീതി പരിചയപ്പെടുത്തലും നാളെ (വെള്ളി) രാവിലെ 9 ന് പൊഴുതന എട്ടാം വാര്‍ഡിലെ എച്ചഎംഎല്‍ പ്ലാന്റേഷനില്‍ നടക്കും. എസ്.എം.എ.എം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകളാണ് കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്നത്. 4 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് സബ്സിഡി ഉണ്ട്. വിളയുടെ വളര്‍ച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കല്‍ എന്നിവ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് വയനാട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടുക.