കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ വെങ്ങപ്പള്ളി പഞ്ചായത്തില്‍ ആരംഭിച്ചു. നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. ജില്ലയുടെ പ്രധാന ജലസ്രോതസ്സായ കബനി നദിയുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലകളിലെ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാപ്പിംഗ് നടത്തുന്നത്.

വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറം തോടിലാണ് സര്‍വ്വേയ്ക്ക് തുടക്കമിട്ടത്. മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാലാമത്തെ പഞ്ചായത്താണ് വെങ്ങപ്പള്ളി. ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് സര്‍വ്വേ നടത്തുന്നത്. ഡിജിറ്റല്‍ മാപ്പത്തോണിലൂടെ 2 മീറ്റര്‍ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് അവിടെയുള്ള ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും ഇത്തരത്തില്‍ മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വ്വഹണവും നടത്താനാകും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താന്‍ കഴിയും.

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക, വൈസ് പ്രസിഡന്റ് പി.എം നാസര്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ ദീപ രാജന്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.