പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയുടെയും അറിവിന്റെയും നിറവിരുന്നൊരുക്കിയ ദേശീയ പക്ഷിമൃഗമേള ഇന്ന്(നവംബര്‍ 13) സമാപിക്കും. ആശ്രാമം മൈതാനത്തെ മൃഗപക്ഷിജാലങ്ങളുടെ വിസ്മയ ലോകം ഇതിനോടകം അരലക്ഷത്തിലധികംപേര്‍ സന്ദര്‍ശിച്ചു. മറ്റു ജില്ലകളില്‍നിന്നുള്‍പ്പെടെ ജനം ഒഴുകിയെത്തിതോടെ പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകര്‍ പാടുപെട്ടു.
ഇതുവരെ കേട്ടറിവുകള്‍ മാത്രമായിരുന്ന പക്ഷികളെയും മൃഗങ്ങളെയും അടുത്തു കാണാനും തലോടാനും ഫോട്ടോയെടുക്കാനും ജനങ്ങള്‍ മത്സരിച്ചു. പശു, ആട്, കോഴി, താറാവ്, നായ, തത്ത തുടങ്ങിയവയുടെ സവിശേഷ ജനുസുകളുടെ വിപുലശേഖരമാണ് മേളയിലുള്ളത്.
പ്രതിദിനം 23 ലിറ്റര്‍ പാല്‍ ചുരത്തുന്ന ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, കര്‍ണാടകത്തില്‍നിന്നുള്ള കൃഷ്ണാ വാലി, മലനാട് ഗിദ്ദ, കപില, അമൃത് മഹല്‍, മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന വേറിട്ട കൊമ്പുകളുള്ള ഹല്ലിക്കര്‍, കേരളത്തിന്റെ സ്വന്തം വെച്ചൂര്‍ കുള്ളന്‍, കാസര്‍കോട് കുള്ളന്‍, സങ്കരയിനമായ സുനന്ദിനി, പാക്കിസ്ഥാനിലെ റാന്‍ ഓഫ് കച്ചില്‍നിന്നുള്ള കാങ്ക്രേജ്, രാജസ്ഥാനി ഇനമായ രാത്തി, കുട്ടമ്പുഴ കുള്ളന്‍, ജഴ്സി, തുടങ്ങിയവയാണ് കാലി വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.
മലബാര്‍, അട്ടപ്പാടി ബ്ലാക്ക്, ദക്ഷിണാഫ്രിക്കന്‍ ബോവര്‍, തോത്താപ്പാരി, സോജത്ത്, ജാല്‍വാഡി, ജമ്നപ്യാരി, സിരോഹി, തുടങ്ങിയ ആടിനങ്ങളെയും മേളയില്‍ കാണാം. സ്വര്‍ണനിറമുള്ള പോളിഷ് കാര്‍പ്പ്, ദേശീ ക്ലൗഡ് ഫ്രിസില്‍, മില്ലി ഫ്ളോര്‍, സില്‍വര്‍ ലേസ് തുടങ്ങിയ ഇനങ്ങളാണ് കോഴികളാണ് ശ്രദ്ധ നേടിയ ഇനങ്ങള്‍. പ്രാവുകളില്‍ തലയ്ക്കു മുകളില്‍ സ്പൈക്ക് സ്‌റ്റൈല്‍ തൂവലുകളുള്ള ജാക്കോബിയും മുഖം തൂവലുകളില്‍ മറഞ്ഞ ബൊക്കാറോ ട്രമ്പറ്ററും ന്യൂജനറേഷന്റെ മനംകവരുന്നു. ഇന്തോനേഷ്യയില്‍നിന്നുള്ള ജാക്കോബി പ്രാവിന്റെ വില 20000 രൂപയാണ്.
ഇഷ്ടമൃഗങ്ങളെയും പക്ഷികളെയും വാങ്ങുന്നതിനും മൃഗസംരക്ഷണ- അനുബന്ധ കാര്‍ഷിക മേഖലകളിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ അടുത്തറിയുന്നതിനും അവ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും മേള വഴിയൊരുക്കി. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ അവതരണവും അവയുടെ പ്രായോഗികത വിലയിരുത്തുന്ന ബിസിനസ് മീറ്റുകളും വിലപ്പെട്ട അറിവുകള്‍ നല്‍കുന്ന സെമിനാറുകളിലും കര്‍ഷകരുടെ മികച്ച പങ്കാളിത്തമുണ്ടായി.
സര്‍ക്കാരിന്റെ വികസന -ക്ഷേമ നേട്ടങ്ങളുടെ കാഴ്ച്ചകളുമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു. ശുചിത്വമിഷന്റെ സഹകരണത്തോടെ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വനം-ക്ഷീരവികസന വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടെ 51 ഓളം സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള 1600ഓളം ജീവനക്കാരുടെ ഒരു മാസം നീണ്ട പ്രയത്നമാണ് 1980നുശേഷം കേരളത്തില്‍ നടക്കുന്ന മേളയുടെ പിന്നിലുള്ളത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നേരിട്ടാണ് ഏകോപനം നിര്‍വഹിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. സംസ്ഥാന മൃഗസംരക്ഷണ അവാര്‍ഡ് ജേതാക്കളെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ആദരിക്കും.മേയര്‍ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും