കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല വോളിബോള്‍ മത്സരങ്ങള്‍ വരാപ്പുഴ പപ്പന്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് തലത്തിൽ വിജയികളായ മത്സരാർത്ഥികളാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്. ഡിസംബർ 18 ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ നല്ല പ്രകടനം കാഴ്ച്ച വച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് മത്സരാർഥികൾ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വോളി ബോൾ മത്സരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള വരാപ്പും പപ്പൻ സ്റ്റേഡിയത്തിൽ നടത്താൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും കൂട്ടായ പ്രയത്നവും സഹകരണവും കേരളോത്സവത്തിന് ഉടനീളം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജില്ലാതല കേരളോത്സവം സംഘടിപ്പിക്കുന്നത്. ആദ്യ മത്സരം മുളന്തുരുത്തി – പള്ളുരുത്തി ബ്ലോക്ക് ടീമുകൾ തമ്മിലായിരുന്നു. മത്സരങ്ങൾ ചൊവ്വാഴ്ച്ച (ഡിസംബർ 13) സമാപിക്കും. വരാപ്പുഴ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സേവനം സ്റ്റേഡിയത്തിൽ സജ്ജമാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗമായ ഷാരോണ്‍ പനയ്ക്കല്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗമായ കെ.വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണി മത്തായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി പോളി, എന്നിവർ പങ്കെടുത്തു.
കേരളോത്സവം ഡിസംബര്‍ 16 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വേദികളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്.