*പ്രവാസികളെ മന്ത്രിമാർ നേരിട്ട് കാണും
*സെപ്റ്റംബർ 10 മുതൽ 15 വരെ പ്രാദേശിക തലത്തിൽ വിഭവ സമാഹരണം
പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഭവ സമാഹരണത്തിൽ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോകകേരള സഭ അംഗങ്ങളുടെയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാവും വിദേശത്തു നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുക. ഇതിനായി മന്ത്രിമാരെയും ആവശ്യമുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഒക്‌ടോബർ മുതൽ മന്ത്രിമാർ വിദേശങ്ങളിലേക്ക് ഇതിനായി പോകും.
യു. എ. ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസ്‌ലാൻഡ്, യു. കെ, ജർമനി, അമേരിക്ക, കാനഡ എന്നിവിടങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലയാളി സംഘടനകളിൽ നിന്ന് ധനശേഖരണത്തിനു വേണ്ടിയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രത്യേകം ചുമതലപ്പെടുത്തും.
സംസ്ഥാനത്ത് വിഭവസമാഹരണം നല്ല രീതിയിൽ നടക്കുന്നു. പലരും നേരിട്ടെത്തി തുക നൽകുന്നു. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് സെപ്റ്റംബർ 10 മുതൽ 15 വരെ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് നേരിട്ട് ഏറ്റുവാങ്ങും. ഇതിനു മുന്നോടിയായി സെപ്റ്റംബർ മൂന്നിന് എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ വകുപ്പു മേധാവികളുടെ യോഗം ചേരും. അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ഈ യോഗങ്ങളിൽ പങ്കെടുക്കും.
ചെറിയ കുട്ടികൾ ഉൾപ്പെടെ ഫണ്ട് നൽകാൻ എത്തുന്നത് ആവേശകരമായ അനുഭവമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 11ന് ധനസമാഹരണ പരിപാടി സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കാണ് ഇതിന്റെ ചുമതല. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാവും.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ ബാങ്കുകളിൽ നിന്ന് പത്തു ലക്ഷം രൂപയുടെ വായ്പാ സഹായം നൽകാൻ നടപടി സ്വീകരിക്കും. സ്വയംസഹായ സംഘങ്ങൾക്കും കുടുംബശ്രീയ്ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. വീട്ടുപകരണങ്ങൾ നശിച്ചവർക്ക് അവ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ ബാങ്കിൽ നിന്ന് വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ സർക്കാർ വഹിക്കും. കുടുംബശ്രീ മുഖേനയാവും ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കുക. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് മാത്രമേ നേരിട്ട് വായ്പ നൽകേണ്ടി വരൂ. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സംസ്ഥാന സർക്കാർ കരാർ ഉണ്ടാക്കും.
കേരളത്തിന്റെ പുനർനിർമാണത്തിന് അന്താരാഷ്ട്ര പ്രശസ്തമായ കെ. പി. എം. ജി എന്ന സ്ഥാപനത്തെ കൺസൾട്ടന്റ് പാർട്ട്ണറാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ സേവനം സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം തകർത്ത വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ വിവരം ഡിജിറ്റലായി ശേഖരിക്കും. വിവിധയിടങ്ങളിൽ നിന്നെത്തുന്ന സാധനങ്ങൾ ഓരോ സ്ഥലത്തെയും ആവശ്യം കണക്കാക്കി വിതരണം ചെയ്യും. ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുന്നതിനായി ദ്രുതഗതിയിൽ തയ്യാറാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.