സപ്ലൈകോ ക്രിസ്മസ് പുതുവത്സര  ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം  ഡിസംബർ 20  വൈകിട്ട് 4 .30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ അധ്യക്ഷനായിരിക്കും. ആദ്യ വില്പന ഗതാഗത വകുപ്പ് മന്ത്രി  ആൻറണി രാജു  നിർവഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
2023 ജനുവരി രണ്ടു വരെയാണ് ഫെയർ ഉണ്ടായിരിക്കുക. രാവിലെ 10 മുതൽ വൈകിട്ട് 8 മണി വരെ പുത്തരിക്കണ്ടം  മൈതാനത്തെ സപ്ലൈകോ ഫെയറിൽ നിന്നും പൊതുജനങ്ങൾക്ക് അവശ്യവസ്തുക്കൾ വാങ്ങിക്കാം.
സപ്ലൈകോ വില്പനശാലകളിൽ നിന്നോ, സപ്ലൈകോ ഫെയറുകളിൽ നിന്നോ ഡിസംബർ 20 മുതൽ ജനുവരി രണ്ടുവരെ 3000 രൂപയിൽ അധികം തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്നും  നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു പുരുഷനും സ്ത്രീക്കും ഒരു ഗ്രാം വീതം സ്വർണ്ണനാണയം നൽകും.
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബർ 21 മുതൽ  2023 ജനുവരി 2 വരെയുളള കാലയളവിൽ തിരുവനന്തപുരത്തിനു പുറമേ കോട്ടയം, ആലപ്പുഴ,  എറണാകുളം , തൃശ്ശൂർ എന്നീ ജില്ലകളിൽ പ്രത്യേകമായി ക്രിസ്മസ് – പുതുവത്സര ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.   ഈ കാലയളവിൽ സപ്ലൈകോയുടെ 500 ലധികം  സൂപ്പർമാർക്കറ്റുകളും 40  പീപ്പിൾസ് ബസാറുകളും 6  ഹൈപ്പർമാർക്കറ്റുകളും  ക്രിസ്മസ് – പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും.