* മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമന്ത്രിമാരുടെ യോഗം ചേര്‍ന്നു
ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ തീര്‍ഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീര്‍ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായകമാകുമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്.
ശബരിമല തീര്‍ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തീര്‍ഥാടനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാന്‍ ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മലകയറുന്ന പാതയും സ്വാമി അയ്യപ്പന്‍ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാന്‍ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ദര്‍ശനസമയവും വര്‍ധിപ്പിച്ചിട്ടുണ്ട്.
പോലീസ്, മറ്റു സേനകള്‍ തുടങ്ങിയവയുടെ വിന്യാസത്തിലൂടെ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. കാര്‍ഡിയാക് ചികിത്‌സകള്‍ക്ക് വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടെയും ഏകോപനത്തിനും നടപടിയായിട്ടുണ്ട്.
ജല മലിനീകരണം ഒഴിവാക്കാന്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനും നടപടിയെടുത്തിട്ടുണ്ട്. ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പ്രശ്‌നങ്ങളില്ലാത്ത തീര്‍ഥാടനകാലം ഉറപ്പാക്കാന്‍ വിവിധ നടപടികളെടുക്കുന്നുണ്ട്.
300 കോടിയിലധികം രൂപയില്‍ വിവിധ പദ്ധതികള്‍ വിവിധഘട്ടങ്ങളിലായി നടപ്പായിവരികയാണ്. ദേശീയ തീര്‍ഥാടന കേന്ദ്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള നടപടികളില്‍ മിക്കതും പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള അതിവേഗം പൂര്‍ത്തിയാകുകയാണ്.
പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി കഴിഞ്ഞവര്‍ഷം വിജയകരമായി നടപ്പാക്കിയത് തുടരാന്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടേയും സഹകരണം വേണം. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്നതും തീര്‍ഥാടകരെ കൃത്യമായി അറിയിക്കാനാകണം. ഇത്തരം നടപടി യാതൊരു ആചാരത്തിന്റെയും ഭാഗമല്ല, എന്നുമാത്രമല്ല ്ൈഹക്കോടതി നിരോധിച്ചിട്ടുമുണ്ട്.
അപകടങ്ങള്‍ കുറയ്ക്കാനുള്ള സേഫ് സോണ്‍ ശബരിമല പദ്ധതിയും നടപ്പാക്കിവരികയാണ്. സൈന്‍ ബോര്‍ഡുകളും നിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ക്കായി റോഡുകളില്‍ ഒരുക്കിയിട്ടുണ്ട്. ട്രക്കുകളിലും ലോറികളിലും തീര്‍ഥാടകരെ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. സുരക്ഷാ നടപടികളും കര്‍ശനമാക്കി. സി.സി.ടി.വി ക്യാമറകള്‍ വിവിധയിടങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.
പൊതുവായ ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കാന്‍ എല്ലാ സംസ്ഥാന തീര്‍ഥാടകരോടും അഭ്യര്‍ഥിക്കുകയാണ്. കൃത്യമായ തിരിച്ചറിയല്‍ കാര്‍ഡ് സുരക്ഷാകാരണങ്ങളാല്‍ കരുതണമെന്ന് അറിയിക്കണമെന്നും മറ്റു സംസ്ഥാന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പറഞ്ഞു. ക്യൂ കോംപ്ലക്‌സ് സജ്ജമാക്കാനും കാര്‍ഡിയോളജി സെന്ററും എല്ലാ സംവിധാനവുമുള്ള ആശുപത്രിയും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സേവനം പമ്പയിലും മല കയറുമ്പോഴും സന്നിധാനത്തും എല്ലാസമയത്തും ഉറപ്പാക്കിയിട്ടുണ്ട്.
വനമേഖലയായതിനാലുള്ള പരിമിതികളില്‍ നിന്നുകൊണ്ട് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ള പരമാവധി സജ്ജീകരണങ്ങളോട് സഹകരിക്കാനുള്ള നിര്‍ദേശം തീര്‍ഥാടകര്‍ക്ക് നല്‍കണം. തീര്‍ഥാടകര്‍ക്ക് ബോധവത്കരണത്തിനായി തയാറാക്കിയ വിവിധ ഭാഷകളിലെ വീഡിയോകള്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ വിഹിതമായി 340 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചതെന്ന് ചടങ്ങില്‍ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇരുമുടിക്കെട്ടുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണം. കുടിവെള്ളലഭ്യതയ്ക്കായി മലകയറുന്ന പാതയിലും പമ്പയിലും സന്നിധാനത്തും ആര്‍.ഒ പ്ലാന്റുകളുള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്തും കാനനപാതകളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള ഹൈവേകളില്‍ എല്ലാ 50 കിലോമീറ്റര്‍ ദുരത്തിനിടയ്ക്കും തീര്‍ഥാടകര്‍ക്കായി ഇടത്താവളങ്ങള്‍ സംസ്ഥാന സര്‍ക്കാരും ഓയില്‍ കമ്പനികളും ചേര്‍ന്ന് ഒരുക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി സെവ്വൂര്‍ എസ്. രാമചന്ദ്രനും ചടങ്ങില്‍ സംസാരിച്ചു.
കേരളത്തിന്റെ നിര്‍ദേശങ്ങള്‍ തീര്‍ഥാടകരിെലത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യുമെന്ന് പുതുച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം. കന്തസാമി അറിയിച്ചു.
തുടര്‍ന്ന് തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സെക്രട്ടറിമാര്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവുന്ന സഹായങ്ങളും സഹകരണവും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേരളവും അറിയിച്ചു. 59 രാജ്യങ്ങളില്‍നിന്നാണ് ശബരിമലയിലെ കേരള പോലീസിന്റെ വിര്‍ച്വല്‍ ക്യൂവിലേക്ക് രജിസ്‌ട്രേഷന്‍ വരുന്നതെന്ന് ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍, തമിഴ്‌നാട് അഡീ. ചീഫ് സെക്രട്ടറി ഡോ. നിരഞ്ജന്‍ മാര്‍ഡി, പ്രിന്‍സിപ്പല്‍ സെക്രട്ടറി അപൂര്‍വ വര്‍മ, ദേവസ്വം കമ്മീഷണര്‍ ആര്‍. ജയ, ജോയന്റ് കമ്മീഷണര്‍ അന്‍പുമണി, തെലങ്കാന സെക്രട്ടറി എന്‍. ശിവശങ്കര്‍, കര്‍ണാടക സംസ്ഥാന എമര്‍ജന്‍സി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. പ്രദീപ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്വാഗതവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് നന്ദിയും പറഞ്ഞു.