താല്‍ക്കാലിക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: ജില്ലയില്‍ കൂടുതല്‍ പ്രളയക്കെടുതി നേരിട്ട 42 പഞ്ചായത്തുകളിലും 8 നഗരസഭകളിലും സംസ്ഥാന ആരോഗ്യ വകുപ്പ് താല്‍ക്കാലികമായി അനുവദിച്ച അധിക ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് നിയോഗിച്ച 50 ഡോക്ടര്‍മാരില്‍ 43 പേരും, 50 സ്റ്റാഫ് നേഴ്സുമാരില്‍ 47 പേരും സേവനത്തിനായി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ ജില്ലാ കണ്‍ട്രോള്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്സുമാരെയും വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് താത്കാലിക അധിക ക്ലിനിക്ക് നടത്തുന്നതിനായി നിയോഗിച്ചു. എടവനക്കാട്, കീഴ്മാട്, വാഴക്കുളം, അയ്യമ്പുഴ, ചേരാനെല്ലൂര്‍, നെടുമ്പാശ്ശേരി, ചൂര്‍ണിക്കര, ചൊവ്വര, ഗോതുരുത്ത്, കടുങ്ങല്ലൂര്‍, കാലടി, വാളകം, തുറവൂര്‍, കൂനമ്മാവ്, ഏഴിക്കര, രാമമംഗലം, ആവോലി, പാറക്കടവ്, മുടക്കുഴ, കുട്ടമ്പുഴ, കോടനാട്, മഞ്ഞപ്ര, ചെങ്ങമനാട്, പണ്ടപ്പിള്ളി, കാഞ്ഞൂര്‍, നായരമ്പലം, മലയാറ്റൂര്‍, പുത്തന്‍വേലിക്കര, കരുമാലൂര്‍, മൂത്തകുന്നം, വരാപ്പുഴ , പിഴല, എടത്തല, മുനമ്പം, വേങ്ങൂര്‍, ഒക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് അധിക ക്ലിനിക്കുകള്‍ ആരംഭിച്ചത്. നഗരസഭകളായ കളമശ്ശേരി, അങ്കമാലി ,ഏലൂര്‍ , മൂവാറ്റുപ്പുഴ, പെരുമ്പാവൂര്‍ , കോതമംഗലം എന്നിവിടങ്ങളിലും അധിക ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് താത്കാലിക ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയില്‍ ആകെ 50 സ്ഥലങ്ങളിലാണ് താല്‍ക്കാലിക ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടിനോ മെഡിക്കല്‍ ഓഫീസര്‍ക്കോ ആണ്
ക്ലിനിക്കുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം.